Uae
ദുബൈയിൽ നഗര വ്യാപകമായി ഇലക്ട്രിക് ബസ് വരുന്നു
മുഴുവൻ വാഹനവ്യൂഹത്തെയും പരിസ്ഥിതി സൗഹൃദമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
ദുബൈ | നഗരത്തിൽ പൊതുഗതാഗതത്തിനു വ്യാപകമായി ഇലക്ട്രിക് ബസുകൾ ഇറക്കാൻ ആർ ടി എ നടപടി തുടങ്ങി.നഗരത്തിലുടനീളം നാല് പ്രദേശങ്ങളിൽ പരമ്പരാഗത ബസുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കുകയും പകരം ഇലക്ട്രിക് ബസുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് ആർ ടി എ പൊതുഗതാഗത സി ഇ ഒ അഹ്്മദ് ബഹ്്റൂസിയാൻ പറഞ്ഞു.
“മൊത്തം 40 ഇലക്ട്രിക് ബസുകൾ വാങ്ങും. ഇവ ആർ ടി എയുടെ പൊതുഗതാഗതവുമായി സംയോജിപ്പിക്കും. ദുബൈ ക്ലീൻ എനർജി സ്ട്രാറ്റജിക്ക് അനുസൃതമായി 2050 ഓടെ എല്ലായിടത്തും ഇലക്ട്രിക് ബസുകളാകും. മുഴുവൻ വാഹനവ്യൂഹത്തെയും പരിസ്ഥിതി സൗഹൃദമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബസുകളുടെ സംഭരണത്തിന് പുറമെ, ആവശ്യമായ ഇലക്ട്രിക് ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. തുടക്കത്തിൽ, ബിസിനസ് ബേ, അൽ ഗുബൈബ, അൽ സത്്വ, അൽ ജാഫിലിയ എന്നിവടങ്ങളിലാണ് ബസ് നിരത്തിലിറക്കുക.
ഇലക്ട്രിക് ബസ് ഓടുന്നതിനു അനുയോജ്യമായ പ്രദേശങ്ങളാണിവ. ഷെൽട്ടർ സ്റ്റേഷനുകളിലോ റൂട്ടുകളിലോ ആവശ്യമായ ചാർജിംഗ് സൗകര്യമാണ് പ്രധാനം. കാർബൺ പുറന്തള്ളൽ പ്രതിവർഷം ഏകദേശം 3,900 ടൺ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് ബസുകളുടെ യാത്രാ ശേഷി, സിംഗിൾ അല്ലെങ്കിൽ ഡബിൾ ഡെക്ക് അല്ലെങ്കിൽ ട്രെയിലറുകൾ പോലെ തന്നെയായിരിക്കും. സ്റ്റാൻഡേർഡ് സിംഗിൾ ഡെക്ക് ബസുകളിൽ 35 പേർക്ക് ഇരിക്കാം. 70 യാത്രക്കാർക്ക് സ്റ്റാൻഡിംഗ് സ്ഥലമുണ്ട്. ഒരു ഇലക്ട്രിക് ബസിന്റെ ശേഷി അതിന്റെ ബാറ്ററി ശേഷിയെയും തരത്തെയും ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡ്രൈവർ പെരുമാറ്റം നിരീക്ഷിക്കാനും മെച്ചപ്പെടുത്താനും പുതിയ ബസുകളിൽ റഖീബ് ഓഫ് ഡ്രൈവർ ബിഹേവിയർ മോണിറ്ററിംഗ് സിസ്റ്റം സജ്ജീകരിക്കുമെന്ന് കഴിഞ്ഞ മാസം ആർ ടി എ പ്രഖ്യാപിച്ചിരുന്നു. യാത്രാക്കൂലി വെട്ടിപ്പ് തടയാൻ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് (എ പി സി) സംവിധാനവും സ്ഥാപിക്കും. യഥാർഥ യാത്രക്കാരുടെ നമ്പറുകൾ രേഖപ്പെടുത്തി ഓട്ടോമേറ്റഡ് നിരക്ക് ശേഖരണവുമായി പൊരുത്തപ്പെടുത്തി ഈ സംവിധാനം പ്രവർത്തിക്കുന്നു.