kas
കെ എ എസ് ശമ്പള സ്‌കെയിലിൽ എതിർപ്പറിയിച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥർ; മുഖ്യമന്ത്രിക്ക് കത്ത് നൽകി
സ്‌പെഷ്യൽ പേ അനുവദിക്കണം
തിരുവനന്തപുരം | കെ എ എസ് ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലിനെതിരെ അതൃപ്തി പ്രകടിപ്പിച്ച സിവിൽ സർവീസ് ഉദ്യോ ഗസ്ഥർ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ഇതുസംബന്ധിച്ച മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ഐ എ എസ് ഓഫീസേഴ്‌സ് അസ്സോസിയേഷനും ഐ പി എസ്, ഐ എഫ് എസ് അസ്സോസിയേഷനുകളുടെ കേരള ഘടകവും മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്. കെ എ എസ് ഉദ്യോ ഗസ്ഥരുടെ ശമ്പളം ഐ എ എസ് തുടക്ക ശമ്പളത്തേക്കാൾ കൂടുതലാണെന്ന പരാതിയാണ് പ്രധാനമായും കത്തിൽ ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടില്ല. സാധാരണ ഗതിയിൽ മന്ത്രിസഭാ തീരുമാനം വന്ന് രണ്ട് ദിവസത്തിനകം ഉത്തരവ് ഇറങ്ങുന്നതാണ് പതിവ്. എന്നാൽ, കെ എ എസ് ശമ്പളം സംബന്ധിച്ച് തീരുമാനമെടുത്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഉത്തരവ് ഇറങ്ങിയിട്ടില്ല. കെ എ എസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81,800 രൂപയായാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
നേരത്തേയുണ്ടായിരുന്ന സർവീസിൽ നിന്ന് കെ എ എസിൽ പ്രവേശിക്കുന്നവർക്ക് പരിശീലന സമയത്ത് അവസാനം ലഭിച്ച ശമ്പളമോ അല്ലെങ്കിൽ 81,800 രൂപയോ കൺസോളിഡേറ്റഡ് തുകയായി നൽകും. 18 മാസമാണ് പരിശീലന കാലയളവ്. എന്നാൽ ഐ എ എസുകാർക്ക് പരിശീലന കാലയളവിൽ കിട്ടുന്നത് 51,600 രൂപയാണ്. പിന്നീട് അവർക്ക് ക്ഷാമബത്തയൊക്കെ ചേർത്ത് കിട്ടുന്ന തുക ഉൾപ്പെടെ ആകെ 74,000 രൂപ വരും. കെ എ എസുകാർ ജില്ലാ കലക്ടറുടെ കീഴിൽ ജോലി ചെയ്യുന്ന സമയത്ത് അവർക്ക് ലഭിക്കാനിരിക്കുന്ന ശമ്പളം ഒരു ലക്ഷത്തിന് മേലെയാണ്.
മുതിർന്ന ഉദ്യോഗസ്ഥനേക്കാൾ ശമ്പളം അതിന് താഴെയുള്ള ഉദ്യോഗസ്ഥർക്ക് കിട്ടുന്ന സ്ഥിതിയുണ്ടാകും. ഈ അപാകം പരിഹരിക്കണമെന്നതാണ് ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് സംഘടനകളുടെ ആവശ്യം.
അതേസമയം, കെ എ എസ് ഉദ്യോഗസ്ഥരുടെ ശമ്പളം നിശ്ചയിച്ചതിൽ പ്രതിഷേധവുമായി അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ. തങ്ങൾക്ക് സ്‌പെഷ്യൽ പേ അനുവദിക്കണമെന്നും 10,000 മുതൽ 25,000 വരെ പ്രതിമാസം അധികം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
കെ എ എസ് ശമ്പളം: കമ്മീഷൻ ശിപാർശയേക്കാൾ കൂടുതൽ
തിരുവനന്തപുരം | കെ എ എസ് ഉദ്യോഗസ്ഥർക്ക് സർക്കാർ അടിസ്ഥാന ശമ്പളം നിശ്ചയിച്ചത് ശമ്പള പരിഷ്‌കരണ കമ്മീഷൻ ശിപാർശ ചെയ്തതിനേക്കാൾ കൂടുതൽ. കെ എ എസ് ഉദ്യോഗസ്ഥർക്ക് അടിസ്ഥാന ശമ്പളമായി 63,700 രൂപ നൽകണമെന്നായിരുന്നു ശമ്പള പരിഷ്‌കരണ കമ്മീഷൻ ശിപാർശ ചെയ്തിരുന്നത്.
കൂടുതൽ ശമ്പളം നൽകുന്നത് ഐ എ എസ് ഉദ്യോഗസ്ഥരുമായുള്ള ശമ്പളത്തിൽ അന്തരത്തിനിടയാക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ശമ്പള പരിഷ്‌കരണ കമ്മീഷന്റെ നിർദേശം.
എന്നാൽ, കെ എ എസിനായുള്ള പി എസ് സി വിജ്ഞാപനത്തിൽ ജൂനിയർ ടൈം സ്‌കെയിലിലെ ഏറ്റവും ഉയർന്ന ശമ്പളമായിരിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും നിലവിലെ ശമ്പള പരിഷ്‌കരണത്തിന് ശേഷം അത് 80,000ത്തിന് മുകളിലെത്തുമെന്നുമാണ്് കണക്കുകളെന്നും ഇതു സംബന്ധിച്ച് സർക്കാർ വിശദീകരണം നൽകുന്നു. അതേസമയം, ഇത് സംബന്ധിച്ച ഉത്തരവിറങ്ങാത്തത് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പരാതിയിലാണെന്നാണ് സൂചന.