Connect with us

Kerala

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും നേരെയുള്ള അവകാശവാദങ്ങള്‍ രാജ്യത്തെ മുറിവേല്‍പ്പിക്കും: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

ആരാധനാലയങ്ങള്‍ തല്‍സ്ഥിതിയില്‍ സംരക്ഷിക്കപ്പെടാനും വര്‍ഗീയ-വിഭാഗീയ ചിന്തകളെ തുരത്താനും ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും തയ്യാറാവണം.

Published

|

Last Updated

കോഴിക്കോട് | മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും നേരെയുള്ള അവകാശവാദങ്ങള്‍ ആത്യന്തികമായി രാജ്യത്തെ മതേതര സങ്കല്‍പ്പത്തിനും ഒരുമക്കും മുറിവേല്‍പ്പിക്കുമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ആരാധനാലയങ്ങള്‍ തല്‍സ്ഥിതിയില്‍ സംരക്ഷിക്കപ്പെടാനും വര്‍ഗീയ-വിഭാഗീയ ചിന്തകളെ തുരത്താനും ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും തയ്യാറാവണമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഇന്ത്യയിലെ മതസൗഹാര്‍ദത്തിന്റെയും സൂഫി പാരമ്പര്യത്തിന്റെയും പ്രതീകമായി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന കേന്ദ്രമാണ് അജ്മീര്‍ ദര്‍ഗ. ദര്‍ഗക്ക് താഴെ ക്ഷേത്രമുണ്ടെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത അവകാശവാദത്തെ തുടര്‍ന്ന് ദര്‍ഗാ കമ്മിറ്റിക്കും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച കോടതി നടപടി അങ്ങേയറ്റം ആശങ്കാജനകമാണ്.

ഗ്യാന്‍വാപി മസ്ജിദ്, മഥുര ഷാഹി ഈദ്ഗാഹ്, സംഭല്‍ ഷാഹി ജുമാ മസ്ജിദ് തുടങ്ങി അജ്മീര്‍ ദര്‍ഗ ഉള്‍പ്പെടെയുള്ള മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് മേലുള്ള അവകാശവാദങ്ങളും തുടര്‍ നടപടികളും രാജ്യത്തെ സൗഹാര്‍ദാന്തരീക്ഷവും കെട്ടുറപ്പും തകര്‍ക്കും. ആരാധനാലയങ്ങളുടെ കാര്യത്തില്‍ 1947 ലെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന 1991 ലെ ആരാധനാലയ സംരക്ഷണ നിയമം നിലനില്‍ക്കെ ആപത്കരമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നീതിന്യായ വ്യവസ്ഥയും നിയമപാലകരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ആത്യന്തികമായി രാജ്യത്ത് വര്‍ഗീയതയുടെ തീരാമുറിവ് സൃഷ്ടിക്കാനാണ് ഇത്തരം സംഭവങ്ങള്‍ കാരണമാവുക. യു പിയിലെ സംഭല്‍ വിഷയം ഇതിന് തെളിവാണ്. ആരാധനാലയങ്ങള്‍ തല്‍സ്ഥിതിയില്‍ സംരക്ഷിക്കപ്പെടാനും ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവവും സൗഹാര്‍ദവും നിലനിര്‍ത്താനും വര്‍ഗീയ-വിഭാഗീയ ചിന്തകളെ തുരത്താനും എല്ലാ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും രംഗത്തുവരണം- ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.

 

Latest