Connect with us

Kerala

പരിസ്ഥിതി ലോല മേഖലകളുടെ കാര്യത്തില്‍ വ്യക്തത വേണം; കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും പ്രതിഷേധം കനക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാപനം പുറത്തുവരാനിരിക്കെ കര്‍ഷക സംഘടനകള്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. പരിസ്ഥിതി ലോല മേഖലകളുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇക്കാര്യത്തില്‍ അവ്യക്തത ഏറെയെന്നാണ് കര്‍ഷകരുടെ പരാതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും പ്രതിഷേധം കനക്കുന്നത്.

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ മലയോര മേഖലകളില്‍ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ജനവാസ മേഖലകള്‍ പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്. മാത്രമല്ല, പരിസ്ഥിതി ലോല പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 31 വില്ലേജുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന വിവരവും പുറത്ത് വന്നു.അതേസമയം, പട്ടികയില്‍ ഇപ്പോഴും തുടരുന്ന വില്ലേജുകളിലാണ് പ്രതിഷേധം ഉയരുന്നത്. ജണ്ടയിട്ട വനം മാത്രമാണ് പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെടുകയെന്നും മറ്റ് പ്രദേശങ്ങള്‍ നോണ്‍ കോര്‍ ഏരിയ ആയാണ് കണക്കാകുകയെന്നും കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ മന്ത്രി കെഎന്‍ ബാലഗോപാലും എംപിമാരും വിശദീകരിക്കുന്നു. എന്നാല്‍ നോണ്‍ കോര്‍ ഏരിയയിലെ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതോടൊപ്പം ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചതില്‍ നിന്ന് വ്യത്യസ്തമായി ചില വില്ലേജുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും മറ്റ് ചില വില്ലേജുകളെ നിലനിര്‍ത്തുകയും ചെയ്തിലും പ്രതിഷേധമുണ്ട്.്