Connect with us

Kerala

പത്തനംതിട്ടയിൽ ഡി സി സി യോഗത്തില്‍ വീണ്ടും കൈയ്യേറ്റം

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലാലി ജോണ്‍  സോജിക്കെതിരേ ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സംഭവം

Published

|

Last Updated

പത്തനംതിട്ട | കോണ്‍ഫറന്‍സ് ഹാളിന്റെ വാതിലില്‍ ചവിട്ടിയതിന് മുന്‍ ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജിനെ പുറത്താക്കിയതിന് പിന്നാലെ ഇന്നലെ ചേര്‍ന്ന പത്തനംതിട്ട ഡി സി സി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വീണ്ടും കയ്യേറ്റത്തിന് ശ്രമമെന്ന് പരാതി. ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. വി ആര്‍ സോജിയാണ് പത്തനംതിട്ട പോലിസില്‍ പരാതി നല്‍കിയത്.

ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു പോര്‍വിളിയും കൈയ്യേറ്റവും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലാലി ജോണ്‍  സോജിക്കെതിരേ ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ലാലി ഉന്നയിച്ച ആരോപണങ്ങള്‍ക്ക്  മറുപടി പറയാന്‍ അവസരം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും വേദിയില്‍ ഉണ്ടായിരുന്ന പി ജെ കുര്യന്‍, എം എം നസീര്‍ എന്നിവര്‍ അതിനുള്ള അവസരം അനുവദിച്ചതായും സോജി പറയുന്നു.

തുടര്‍ന്ന്, വേദിയിലേക്കു ചെന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതിയംഗം നഹാസ് പത്തനംതിട്ട, തട്ടയില്‍ ഹരികുമാര്‍ എന്നിവര്‍ പിടിച്ചു തളളിയെന്നാണ് പരാതി. തുടര്‍ന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡി സി സി പ്രസിഡന്റ് യോഗം പിരിച്ചു വിടുകയും ചെയ്തു.

ഇതു സംബന്ധിച്ച് കെ പി സി സി പ്രസിഡന്റിന് പരാതി നല്‍കിയതായും സോജി പറഞ്ഞു. ബാബു ജോര്‍ജിനെ സസ്പെൻഡ് ചെയ്ത നടപടിയെ മുന്‍ ഡി സി സി പ്രസിഡന്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍ രാജ്, ഡി സി സി ഭാരവാഹികളായ സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുസ്സലാം, റോഷന്‍ നായര്‍, എന്‍ സി മനോജ്, കെ ജി അനിത തുടങ്ങിയവര്‍ യോഗത്തില്‍ വിമര്‍ശിച്ചു.

Latest