National
ബെംഗളുരു വിമാനത്താവളത്തില്‍ സംഘര്‍ഷം; 44 വിമാനങ്ങള്‍ റദ്ദാക്കി
കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കുതയാണ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബെംഗളുരു| തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടയില്‍ നടക്കുന്ന ബന്ദില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ബെംഗളുരു വിമാനത്താവളത്തില്‍ 44 വിമാനങ്ങള്‍ റദ്ദാക്കി. വിവിധ കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടുന്ന കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കുതയാണ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നും യാത്രക്കാരെ യഥാസമയം അറിയിച്ചിട്ടുണ്ടെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ കര്‍ണാടകയിലെ ബന്ദിന്റെ പശ്ചാത്തലത്തില്‍ നിരവധി യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയതിനാലാണ് വിമാന സര്‍വീസ് റദ്ദാക്കിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വിമാനത്താവളത്തിന്റെ പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ അഞ്ച് കന്നഡ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത അഞ്ച് പേരും എയര്‍പോര്‍ട്ടിലേക്ക് പ്രവേശിക്കുന്നതിനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
കന്നഡ അനുകൂല സംഘടനകളും കര്‍ഷക സംഘടനകളും ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗത്തെ സാധാരണ ജനജീവിതത്തെ കൂടുതലായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനവ്യാപകമായി നടത്തുന്ന ബന്ദ് രാവിലെ മുതല്‍ വൈകുന്നേരം വരെയാണ്.നഗരത്തിലെ ടൗണ്‍ ഹാള്‍ മുതല്‍ ഫ്രീഡം പാര്‍ക്ക് വരെ വലിയ പ്രതിഷേധ ഘോഷയാത്ര നടക്കുമെന്നും എല്ലാ ഭാഗങ്ങളിലുമുള്ള ആളുകള്‍ പങ്കെടുക്കുമെന്നും ബന്ദിന്റെ സംഘാടകര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.