Connect with us

National

ആം ആദ്മി ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം; ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. 

Published

|

Last Updated

ന്യൂഡല്‍ഹി| ആം ആദ്മി ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മുന്‍പ് നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തിയതിനെതിരെ ആപ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മേയര്‍ വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ കൂടാതെ പത്തംഗങ്ങളെ ലഫ്. ഗവര്‍ണര്‍ക്ക് നാമ നിര്‍ദേശം ചെയ്യാം.

താത്ക്കാലിക സ്പീക്കറായി ലഫ് ഗവര്‍ണര്‍ നിയമിച്ച സത്യ ശര്‍മ്മ ആദ്യം സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കിയത് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കായിരുന്നു. അതോടെ ആപ് പ്രതിഷേധ മുദ്രാവാക്യമുയര്‍ത്തി. ബിജെപി അംഗങ്ങളും ആപ് അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമായതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.  പക്ഷേ പിരിഞ്ഞു പോവാന്‍ തയാറാവാതെ ആപ് കൗണ്‍സിലര്‍മാര്‍ സിവില്‍ സെന്ററിനുള്ളില്‍ പ്രതിഷേധം തുടരുകയായിരുന്നു. മേയര്‍ തിരഞ്ഞെടുപ്പിന്റെ പ്രിസൈഡിംഗ് ഓഫീസറായി ബിജെപി കൗണ്‍സിലര്‍ സത്യ ശര്‍മ്മയെ നിമയിച്ചത് മുതല്‍ തന്നെ ആപ് ബിജെപി തര്‍ക്കം രൂക്ഷമായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന സംഘര്‍ഷവും. ആപ്പിന്റെ സ്ഥാനാര്‍ത്ഥിയായി ഷെല്ലി ഒബ്‌റോയ് ബിജെപി സ്ഥാനാര്‍ത്ഥിയായി രേഖ ഗുപ്ത എന്നിവരാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

 

Latest