Connect with us

National

ഷാഹി ജുമാ മസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം; പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധിച്ചു, സ്‌കൂളുകള്‍ അടച്ചു

രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 21 പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

ലഖ്നൗ |  ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ മരണം നാലായി ഉയര്‍ന്നു. സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശത്ത് ഈ മാസം 30 വരെ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിരോധിച്ചു. പുറത്തുനിന്നുള്ളവര്‍ക്കുള്ള പ്രവേശനത്തിനും നിരോധം ഏര്‍പ്പെടുത്തി. സ്‌കൂളുകള്‍ അടച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

സംഘര്‍ഷത്തില്‍ ഇരുപതിലേറെ പോലിസുകാര്‍ക്ക് പരുക്കേറ്റതായും രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 21 പേരെ കസ്റ്റഡിയില്‍ എടുത്തതായും പൊലിസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടക്കുമെന്ന് പോലീസ് പറഞ്ഞു.

ഹിന്ദുക്ഷേത്രത്തിന്റെ സ്ഥാനത്താണ് പള്ളി നിര്‍മിച്ചതെന്ന അവകാശവാദത്തെ തുടര്‍ന്ന് വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മസ്ജിദില്‍ സര്‍വേ നടത്തിയിരുന്നു. ഞായറാഴ്ച മസ്ജിദിലെ രണ്ടാം സര്‍വേയ്ക്കിടെയാണ് സംഘര്‍ഷം. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി.

Latest