National
ശ്രീരാമ വിഗ്രഹ ഘോഷയാത്രയ്ക്കിടെ സംഘർഷം; കൽബുർഗിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ജനുവരി 25 ന് രാവിലെ 6 വരെയാണ് സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കൽബുറഗി | ശ്രീരാമ വിഗ്രഹ ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് കർണാടകയിലെ കൽബുറഗി ജില്ലയിലെ വാഡി ടൗണിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാനം നിലനിർത്തുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയായി ജനുവരി 25 ന് രാവിലെ 6 വരെയാണ് സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച ശ്രീരാമ വിഗ്രഹ ഘോഷയാത്രക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറും വാക്കേറ്റവും ഉണ്ടായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് ബലംപ്രയോഗിക്കേണ്ടിവന്നു. തുടർന്ന് രംഗം ശാന്തമായി. സ്ഥലത്ത് സംഘർഷാവസ്ഥ ഇല്ലെങ്കിലും മുൻകരുതൽ നടപടിയായാണ് വാടി പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
അയോധ്യയിൽ ബാബാരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിന്റെ വിഗ്രഹ പ്രതിഷ്ട ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു ഘോഷയാത്ര.