National
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ശ്രീനഗര്‍| ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരാള്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഉന്നത കമാന്‍ഡറാണെന്നാണ് വിവരം. അതേസമയം ഭീകരരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
രജൗരി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവം നടക്കുന്നത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ആര്‍മിയുടെ രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ഓഗസ്റ്റ് 5 ന് നടന്ന ഓപ്പറേഷന്‍ ആരംഭിച്ചത്. ഓപ്പറേഷന്‍ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ്, ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഹലന്‍ വനമേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നീട് മൂന്ന് സൈനികരും ചികിത്സയ്ക്കിടെ മരണപ്പെട്ടു.