Kerala
തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും
ചെയര്‍മാന്‍ രാജിവക്കണമെന്നാണ് നിലപാട് എന്ന് എല്‍ ഡി എഫ് വ്യക്തമാക്കി.
തൊടുപുഴ |മുനിസിപ്പല്‍ എഞ്ചിനീയര്‍ കൈക്കൂലി വാങ്ങിയ കേസില്‍ നഗരസഭ ചെയര്‍മാന്‍ പ്രതിയായ ശേഷം ആദ്യമായി ചേര്‍ന്ന തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും.
ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അവധിയില്‍ ആയതിനാല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രഫ. ജെസ്സി ആന്റണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഇടയ്ക്ക് നിര്‍ത്തി വച്ച ശേഷം വീണ്ടും ചേര്‍ന്നെങ്കിലും അജണ്ട പോലും ചര്‍ച്ചക്കെടുക്കാനാവാതെ പിരിച്ച് വിട്ടു.
പ്രതിഷേധത്തിനിടെ എല്‍ ഡി എഫ് – യു ഡി എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി . കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ യു ഡി എഫ് അംഗങ്ങള്‍ പ്രതിഷേധവുമായി എത്തി. ചെയര്‍മാനെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് എല്‍ ഡി എഫ് തന്നെ പുറത്താക്കണമെന്നായിരുന്നു യു ഡി എഫ് കൗണ്‍സിലര്‍മാരുടെ ആവശ്യം. വൈസ് ചെയര്‍പേഴസണ്‍ നടപടികളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ യു ഡി എഫ് അംഗങ്ങള്‍ അജണ്ട പിടിച്ച് വാങ്ങി കീറിയെറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധം വൈസ് ചെയര്‍പേഴ്‌സണിന് നേരെ തിരിഞ്ഞതോടെ സംരക്ഷണവുമായി എല്‍ ഡി എഫ് അംഗങ്ങള്‍ രംഗത്തെത്തി.
സനീഷ് ജോര്‍ജ്ജിനെ ചെയര്‍മാനാക്കിയത് എല്‍ ഡി എഫാണെന്നും അഴിമതി കേസില്‍ പ്രതിയായ ചെയര്‍മാനെ പുറത്താക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം എല്‍ ഡി എഫിനുണ്ടെന്നും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു. ചെയര്‍മാന്‍ രാജിവക്കണമെന്നാണ് നിലപാട് എന്ന് എല്‍ ഡി എഫ് വ്യക്തമാക്കി. യു ഡി എഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എല്‍ ഡി എഫ് ആരോപിച്ചു.
ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ബി ജെ പി തയ്യാറാണ്. എന്നാല്‍ എട്ട് അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ ബി ജെ പിയുടെ അവിശ്വാസം പാസാകില്ല. ചെയര്‍മാനെ പുറത്താക്കണമെന്ന് ആത്മാര്‍ത്ഥമായി യു ഡി എഫ് ആഗ്രഹിക്കുന്നുവെങ്കില്‍ തങ്ങളുടെ അവിശ്വാസത്തെ പിന്തുണക്കണമെന്ന് ബി ജെ പി നേതാക്കള്‍ ആവശ്യപ്പെട്ടു. ഒടുവില്‍ യോഗം ഗത്യന്തരമില്ലാതെ പിരിച്ചുവിട്ടു. യു ഡി എഫ് ഓഫീസിനു പുറത്ത് പ്രതിഷേധം നടത്തി.