Kerala
അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘര്‍ഷം
ബിഷപ്പ് ഹൗസില്‍ പ്രാര്‍ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ പോലീസ് ശ്രമിച്ചതാണ് വൈദികരും പോലീസും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കിയത്
അങ്കമാലി | എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘര്‍ഷം. ബിഷപ്പ് ഹൗസില്‍ പ്രാര്‍ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ പോലീസ് ശ്രമിച്ചതാണ് വൈദികരും പോലീസും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കിയത്. പ്രതിഷേധിക്കുന്ന 21 വൈദികരില്‍ നാലു പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചു.
രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് ബസിലിക്ക പള്ളിക്ക് മുന്‍പില്‍ പ്രതിഷേധിക്കുന്ന വൈദികരുടെ ആരോപണം. ഉറങ്ങിയ വൈദികരെ കുത്തിയെഴുന്നേല്‍പ്പിച്ച് വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെ കൊണ്ടുവന്നതായും വസ്ത്രം മാറാന്‍ ശ്രമിച്ചവരുടെ വീഡിയോ എടുത്തതായുമാണ് വൈദികര്‍ ആരോപിക്കുന്നത്. പ്രായമായ വൈദികര്‍ക്ക് അടക്കം മര്‍ദ്ദനമേറ്റു. ബിഷപ്പ് ഹൗസിന്റെ ഗേറ്റ് അടക്കം തല്ലിപ്പൊളിച്ചാണ് പോലീസ് വൈദികരെ ഗേറ്റിന് സമീപത്ത് എത്തിച്ചതെന്നാണ് വൈദികര്‍ ആരോപിക്കുന്നത്.
എന്തിനാണ് കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പോലീസുകാര്‍ തയ്യാറായില്ലെന്നും വൈദികര്‍ ആരോപിക്കുന്നു.കഴിഞ്ഞദിവസം സെന്റ് തോമസ് മൗണ്ടില്‍ സിനഡ് സമ്മേളനം നടക്കുന്നതിനിടെ എറണാകുളം-അങ്കമാലി അതിരൂപത പക്ഷത്തെ വൈദികര്‍ ബിഷപ്പ് ഹൗസ് കൈയേറി പ്രാര്‍ഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇതിനിടയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബിഷപ്പ് ഹൗസിലെ 21 വൈദികരാണ് അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനപക്ഷത്തുള്ളത്.
ഇവരാണ് പ്രാര്‍ഥനാ യജ്ഞം നടത്താനെത്തിയത്. കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്‌പെന്‍ഡ് ചെയ്ത നടപടി മാര്‍ ബോസ്‌കോ പൂത്തൂര്‍ പിന്‍വലിക്കും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് വൈദിക കൂട്ടായ്മ വ്യക്തമാക്കിയിരുന്നത്. വൈദികര്‍ അരമനയില്‍ കയറിയ ഉടന്‍ ഒരുകൂട്ടം വിശ്വാസികള്‍ പിന്തുണയുമായെത്തി. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും എത്തിയതോടെ ഇരുപക്ഷത്തെയും വിശ്വാസികള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു.