Connect with us

sudan

സുഡാനിൽ മൂന്നാം ദിവസവും രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നു

അയൽ രാജ്യങ്ങളായ ഈജിപ്തും ഛാഡും അതിർത്തി അടച്ചു.

Published

|

Last Updated

ഖർത്വൂം | സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും (ആർ എസ് എഫ്) തമ്മിലുള്ള ഏറ്റുമുട്ടൽ മൂന്നാം ദിവസവും തുടരുന്നു. ഇന്നലെ മാനവിക ആവശ്യങ്ങൾക്ക് ഒരു മണിക്കൂറോളം വെടിനിർത്തലുണ്ടായിരുന്നു. അയൽ രാജ്യങ്ങളായ ഈജിപ്തും ഛാഡും അതിർത്തി അടച്ചു. ഇന്റര്‍ഗവണ്‍മെന്റല്‍ അതോറിറ്റി ഓണ്‍ ഡെവലപ്‌മെന്റ് (ഇഗാഡ്) അടിയന്തര യോഗം ചേര്‍ന്ന് സുഡാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. അനുരഞ്ജന ചര്‍ച്ചകള്‍ക്കായി കെനിയ, ദക്ഷിണ സുഡാന്‍, ജിബൂട്ടി എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരെ സുഡാനിലേക്ക് അയക്കാന്‍ നീക്കം നടത്തുന്നുണ്ട്.

ശനിയാഴ്ചയാണ് സംഘർഷം ആരംഭിച്ചത്. വ്യോമാക്രമണത്തിലൂടെ അർധസൈനിക വിഭാഗത്തിന്റെ താവളങ്ങൾ വ്യാപകമായി തകർത്തതോടെ ആർ എസ് എഫിന് മേൽ സൈന്യം മേൽക്കൈ നേടി. തുടർച്ചയായ രണ്ടാം ദിവസത്തെ പോരാട്ടത്തിൽ ഐക്യരാഷ്ട്ര സഭയുടെ മൂന്ന് സന്നദ്ധ സേവകരടക്കം 59 സാധാരണക്കാർ കൊല്ലപ്പെട്ടു. വെടിവെപ്പ് അവസാനിപ്പിക്കാൻ നയതന്ത്ര സമ്മർദം ശക്തമാക്കിയിട്ടും ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാതെ ആക്രമണം തുടരുകയാണ്. ഇരുഭാഗത്തെയും സൈനികരടക്കം 595 പേർക്ക് പരുക്കേറ്റതായി ഡോക്ടർമാർ പറഞ്ഞു.

തലസ്ഥാനമായ ഖർത്വൂമിന് വടക്ക് സ്ഥിതിചെയ്യുന്ന പ്രസിഡൻഷ്യൽ കൊട്ടാരം അർധസൈനിക വിഭാഗം പിടിച്ചെടുത്തതായി സുഡാൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാനും അർധ സൈനിക കമാൻഡർ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുണ്ടായ തർക്കങ്ങളാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ആർ എസ് എഫ് രാജ്യത്തുടനീളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനെതിരെ സൈന്യം രംഗത്തെത്തിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെയാണിതെന്നാണ് സൈന്യത്തിന്റെ വാദം. ഖർത്വൂം, അംദർമാൻ നഗരങ്ങളിലും സൈനിക ആസ്ഥാനം, ഖർത്വൂം അന്താരാഷ്ട്ര വിമാനത്താവളം, സ്റ്റേറ്റ് ടെലിവിഷൻ ആസ്ഥാനം എന്നിവക്ക് ചുറ്റുമാണ് കനത്ത പോരാട്ടം നടക്കുന്നത്.

2000ത്തിന്റെ തുടക്കത്തിൽ പടിഞ്ഞാറൻ ദാർഫർ മേഖലയെ അടിച്ചമർത്തിയ സുഡാനിന്റെ അന്നത്തെ പ്രസിഡന്റ് ഉമർ അൽ ബശീറിന്റെ ജൻജാവീദ് സൈനിക സംഘത്തിൽ നിന്നാണ് ആർ എസ് എഫ് രൂപം കൊണ്ടത്. 2019ൽ ബശീറിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയെങ്കിലും ആർ എസ് എഫ് അതേപടി നിലനിന്നു. ഉമർ അൽ ബശീറിന് ശേഷം സുഡാനിലെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളായി മാറിയിരിക്കുകയാണ് ആർ എസ് എഫിന്റെ നിലവിലെ കമാൻഡർ മുഹമ്മദ് ഹംദാൻ ദഗാലോ.

സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിൽ കരാറിലെത്തിച്ചേരാൻ അബ്ദുൽ ഫത്താഹ് അൽ ബുർഹാനും മുഹമ്മദ് ഹംദാൻ ദഗാലോയും പരാജയപ്പെട്ടതോടെയാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷം രൂക്ഷമായത്. ആർ എസ് എഫിനെ സൈന്യത്തിൽ എങ്ങനെ സംയോജിപ്പിക്കണം എന്നതിനെച്ചൊല്ലിയാണ് ബുർഹാനും ദഗാലോയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായത്.

ബാഹ്യ ഇടപെടലില്ല
അതേസമയം, രാജ്യത്തെ ആക്രമണത്തിൽ പുറത്തുനിന്നുള്ള സംഘത്തിന്റെ ഇടപെടലില്ലെന്ന് ആഫ്രിക്കൻ യൂനിയന്റെ സമാധാന-സുരക്ഷാ കൗൺസിൽ അറിയിച്ചു. ഇന്നലെ എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ യൂനിയൻ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സുഡാനെ അസ്ഥിരമാക്കുന്ന ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് അമേരിക്ക, ചൈന, റഷ്യ, ഈജിപ്ത്, സഊദി അറേബ്യ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂനിയനും അഭ്യർഥിച്ചു.

സുഡാനിലെ സാഹചര്യം വളരെ ദുർബലമാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. രാജ്യഭരണം ജനങ്ങളുടെ നേതൃത്വത്തിലുള്ള സർക്കാർ ഏറ്റെടുക്കാനുള്ള സമയം ഇനിയും വൈകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest