National
മുംബൈയിൽ രാമക്ഷേത്ര റാലിക്കിടെ സംഘർഷം; പിന്നാലെ ബുൾഡോസർ രാജ്
മുംബൈ മീരാ റോഡിലെ അനധികൃത കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു
മുംബൈ | ഉത്തർപ്രദേശിനും അസമിനും പിന്നാലെ മഹാരാഷ്ട്രയിലും ബുൾഡോസർ നടപടി. മുംബൈ മീരാ റോഡിലെ അനധികൃത കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് നടന്ന റാലിക്കിടെ ഇവിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.
മുംബൈ പൊലീസ്, പാല്‍ഘര്‍ പൊലീസ്, താനെ റൂറല്‍ പൊലീസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്‌സ്, എസ് ആര്‍ പി എഫ് എന്നീ സംഘങ്ങളോടൊപ്പം കനത്ത സുരക്ഷയാണ് മീരാ റോഡിലെ നയാ നഗര്‍ പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.
അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിന്റെ തലേ ദിവസം മുംബൈയിലെ മീരാ ഭയാന്ദര്‍ പ്രദേശത്ത് നടന്ന റാലിയില്‍ അക്രമം നടത്തിയെന്നാരോപിച്ച് 13 പേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.