National
പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അരുണാചലില്‍ സംഘര്‍ഷം; 10 പേര്‍ക്ക് പരിക്ക്
പ്രതിഷേധം കനത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു
താനഗര്‍| അരുണാചല്‍ പ്രദേശില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ പ്രതിഷേധം. ഇറ്റാനഗറില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു.
പ്രതിഷേധം കനത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധങ്ങള്‍ നേരിടാനും ക്രമസമാധാനപാലനത്തിനും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഉയര്‍ന്ന പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു.
സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെയും പുതുതായി നിയമിതരായ അംഗങ്ങളുടെയും സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
നൂറുകണക്കിന് യുവാക്കള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ ഒരു മോട്ടോര്‍ സൈക്കിളും ഒരു ഫോര്‍ വീലറും നശിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ അക്രമാസക്തമായതെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു.