Kerala
കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു നേതൃത്വം നല്‍കിയത്
തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തല്ലിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. നവകേരള സദസ്സിനെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പോലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധ മാര്‍ച്ച് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചത്.
സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു നേതൃത്വം നല്‍കിയത്. പ്രതിഷേധത്തിനിടെ ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍കര്‍ക്കുനേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ സെക്രട്ടറിയേറ്റ് പരിസരത്തുള്ള നവകേരള സദസ്സുമായി ബന്ധപ്പെട്ട ഫ്ലക്സുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. വനിതാ പ്രവര്‍ത്തകരടക്കം സെക്രട്ടേറിയറ്റിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.
പൊലീസ് ഷീൽഡും ബാരിക്കേഡുകളും തകർക്കാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവശീ. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിതറിയോടി. ഇവർക്ക് പിന്നാലെയെത്തി പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കസ്റ്റഡിയിൽ എടുത്തവരെ പ്രവർത്തകർ തന്നെ മോചിപ്പിച്ചു. പോലീസിന് നേരെ കല്ലേറുമുണ്ടായി.
പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ വനിതാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറിയെന്ന് സംഭവസ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു. പെണ്‍കുട്ടികള്‍ക്ക് നേരെ അനാവശ്യമായി പോലീസ് അക്രമം നടത്തിയതാണ് സംഘർഷം രൂക്ഷമാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
തെരുവില്‍ ഇനി തല്ലുകൊള്ളാനില്ലെന്നും തല്ലിയാല്‍ തിരിച്ചടിച്ച് പ്രതിരോധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ഗാന്ധിയന്‍മാരാണെന്ന തെറ്റിധാരണ ഉണ്ടെങ്കില്‍ അത് മാറ്റണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.