Connect with us

National

ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം; കര്‍ഷകരെ തടയാന്‍ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു

രണ്ട് റൗണ്ടുകളിലായി രണ്ട് ഡസന്‍ ഷെല്ലുകള്‍ പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി|വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം. പഞ്ചാബിനും ഹരിയാനയ്ക്കുമിടയിലുള്ള ശംഭുവിനടുത്തെത്തിയപ്പോള്‍ കര്‍ഷകര്‍ക്കുനേരെ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. രണ്ട് റൗണ്ടുകളിലായി രണ്ട് ഡസന്‍ ഷെല്ലുകള്‍ പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ക്കുനേരെ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നതിന്റെയും പ്രതിഷേധക്കാര്‍ കൂട്ടമായി തിരിഞ്ഞോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പോലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ക്കു മുകളില്‍ കയറിയും കര്‍ഷകര്‍ പ്രതിഷേധിക്കുന്നുണ്ട്. കാല്‍നടയായി എത്തുന്ന കര്‍ഷകരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നുണ്ട്. പ്രതിഷേധക്കാരുടെ ലോറികളും ട്രാക്ടറുകളും പോലീസ് പിടിച്ചെടുത്തു.  ആവശ്യമെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് 200 ഓളം കര്‍ഷക സംഘടനകളാണ് ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കര്‍ഷകരാണ് പ്രധാനമായും സമരത്തില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാത്രി കേന്ദ്ര മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് കര്‍ഷകര്‍ മാര്‍ച്ചുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.കാലങ്ങളായി കര്‍ഷകര്‍ ഉന്നയിക്കുന്ന താങ്ങുവില, വിള ഇന്‍ഷുറന്‍സ്, കര്‍ഷകര്‍ക്ക് എതിരായ എഫ്‌ഐആര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ട് വെക്കുന്നത്.

പ്രതിഷേധം ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാന്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തികള്‍ അടച്ചു. സമരത്തെ നേരിടാന്‍ ഹരിയാന, ഡല്‍ഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണമാണ് ഒരുക്കിയിരിക്കുന്നത്. ഹരിയാനയിലെ 15 ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ട്രാക്ടറുകള്‍ അതിര്‍ത്തി കടക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും റോഡില്‍ ഇരുമ്പാണികള്‍ നിരത്തുകയും ചെയ്തു. കൂടാതെ കോണ്‍ക്രീറ്റ് ബീമുകള്‍, മുള്ള് വേലികള്‍ എന്നിവയെല്ലാം അതിര്‍ത്തികളില്‍ സ്ഥാപിച്ചു. രണ്ട് താത്കാലിക ജയിലുകളും നിര്‍മ്മിച്ചിട്ടുണ്ട്. സിഎപിഎഫ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍, ബറ്റാലിയനുകള്‍ എന്നിവരുള്‍പ്പെടെ 2,000 ഉദ്യോഗസ്ഥ സേനയെയും വിന്യസിച്ചിട്ടുണ്ട്.