National
ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
കഴിഞ്ഞ നാലു ദിവസത്തിനിടെ കാശ്മീരിൽ സുരക്ഷാസേന മൂന്നു വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ഒൻപത് ഭീകരരെയാണ് വധിച്ചത്.
ശ്രീനഗർ | ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ പഹു മേഖലയിൽ ഞായറാഴ്ച വൈകുന്നേരം സുരക്ഷാ സേന നടത്തിയ ഒന്നര മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് രണ്ട് എകെ സീരീസ് റൈഫിളുകളും ഒരു പിസ്റ്റളും സുരക്ഷാ സേന കണ്ടെടുത്തു. കൊല്ലപ്പെട്ട രണ്ട് ഭീകരർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ നാലു ദിവസത്തിനിടെ സുരക്ഷാസേന മൂന്നു വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ഒൻപത് ഭീകരരെയാണ് വധിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് പുൽവാമയിലെ പഹു മേഖലയിൽ മൂന്ന് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതേത്തുടർന്ന് സുരക്ഷാസേന പ്രദേശം വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. അതിനിടെ, വൈകിട്ട് നാലരയോടെ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേന തിരിച്ചടിക്കുകയും മൂന്ന് ഭീകരരെയും വധിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ട ഭീകരരെയും അവരുടെ സംഘടനയെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന. നിലവിൽ, പ്രദേശം വളഞ്ഞ പോലീസ്, ഏറ്റുമുട്ടൽ സ്ഥലത്തേക്ക് പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് സ്‌ഫോടക വസ്തുക്കളുണ്ടായേക്കാമെന്നും ഇത് ജനങ്ങൾക്ക് അപകടമുണ്ടാക്കുമെന്നും പോലീസ് പറയുന്നു.
നേരത്തെ ഏപ്രിൽ 23 ന് കുൽഗാമിൽ രണ്ട് ജെയ്ഷെ ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ 21 ന് ബാരാമുള്ള ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ തലവൻ യൂസഫ് കാന്താരു ഉൾപ്പെടെ നാല് ഭീകരരെയും വധിച്ചു.