National
ആന്ധ്രാപ്രദേശില്‍ 11, 12 ക്ലാസുകളിലെ പരീക്ഷാഫലം; ഒമ്പത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
10 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 11-ാം ക്ലാസിലെ വിജയശതമാനം 61 ഉം 12-ാം ക്ലാസില്‍ 72 ശതമാനവുമാണ്.
ഹൈദരാബാദ്| ആന്ധ്രാപ്രദേശില്‍ 11, 12 ക്ലാസുകളിലെ പരീക്ഷാഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ ഒമ്പത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. 10 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 11-ാം ക്ലാസിലെ വിജയശതമാനം 61 ഉം 12-ാം ക്ലാസില്‍ 72 ശതമാനവുമാണ്.
ശ്രീകാകുളം ജില്ലയില്‍ 17 വയസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ജില്ലയിലെ ദണ്ഡു ഗോപാലപുരം ഗ്രാമത്തില്‍ നിന്നുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മിക്ക പേപ്പറുകളിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നിരാശനായിരുന്നുവെന്നും പറയുന്നു.
മല്‍ക്കപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ത്രിനാഥപുരത്തെ വീട്ടില്‍ പതിനാറുകാരി ആത്മഹത്യ ചെയ്തു. വിശാഖപട്ടണത്തെ കഞ്ചാരപാലത്തെ വീട്ടില്‍ മറ്റൊരു 18-കാരന്‍ തൂങ്ങിമരിച്ചു.
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ള 17 വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ഒരു പെണ്‍കുട്ടി തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു, അതേ ജില്ലയില്‍ ഒരു ആണ്‍കുട്ടി കീടനാശിനി കഴിച്ച് മരിച്ചു. 17 വയസ്സുള്ള മറ്റൊരു വിദ്യാര്‍ത്ഥി അനകപ്പള്ളിയിലെ വീട്ടില്‍ തൂങ്ങിമരിച്ചു.
ഇന്ത്യയിലെ പ്രീമിയര്‍ കോളേജുകളില്‍ ആത്മഹത്യകള്‍ പെരുകുന്നതിനിടയിലാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) വിവിധ ക്യാമ്പസുകളില്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്തതായി സംശയിക്കുന്ന നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)