Connect with us

Kerala

മിണ്ടിയതിന് പേരെഴുതി; ക്ലാസ് ലീഡറെ സഹപാഠിയുടെ അച്ഛന്‍ മര്‍ദ്ദിച്ചു

കെ എസ് ഇ ബി ഉദ്യോഗസ്ഥനായ പിതാവാണ് എട്ടാംക്ലാസുകാരനെ വഴിയില്‍തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്

Published

|

Last Updated

തിരുവനന്തപുരം | ക്ലാസില്‍ ബഹളം വച്ച കുട്ടികളുടെ പേരെഴുതിയ കൂട്ടത്തില്‍ തന്റെ മകന്റെ പേരും എഴുതിയതിന് ക്ലാസ് ലീഡറെ സഹപാഠിയുടെ അച്ഛന്‍ മര്‍ദ്ദിച്ചു. കെ എസ് ഇ ബി ഉദ്യോഗസ്ഥനായ പിതാവാണ് എട്ടാംക്ലാസുകാരനെ വഴിയില്‍തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്. അടിയേറ്റ് ശ്വാസ കോശത്തില്‍ നീര്‍ക്കെട്ടുവന്ന വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ്് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹപാഠിയുടെ പിതാവിനെതിരെ പോലീസ് എഫ് ഐ ആര്‍ ഇട്ടിട്ടുണ്ട്.

നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം പി കെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ഈ മാസം ആറിനു നടത്തിയ മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. പരിക്കേറ്റ വിദ്യാര്‍ഥി കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

മര്‍ദനമേറ്റ ലിജിന്‍ എട്ടാം ക്ലാസിലെ ക്ലാസ് ലീഡറാണ്. മര്‍ദിച്ച വ്യക്തിയുടെ കുട്ടിയുടെ പേരും ലിജിന്‍ ബഹളമുണ്ടാക്കിയ കുട്ടികളുടെ കൂട്ടത്തില്‍ എഴുതിയതിന്റെ പ്രതികാരമായിട്ടാണ് കാഞ്ഞിരംകുളം ജംഗ്ഷനില്‍ വെച്ച് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്.

കുട്ടിയുടെ കവിളത്തും തുടയിലും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കവിളത്തടിക്കുകയും വാരിയെല്ലിന് കുത്തുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. നെയ്യാറ്റിന്‍കര ആശുപത്രിയിലും പിന്നീട് കാരക്കോണം മെഡിക്കല്‍ കോളേജിലും ലിജിന്‍ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെയാണ് കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

Latest