Kerala
മെഡിക്കല്‍ കോളജില്‍ പാമ്പുമായി ക്ലാസ്; വാവ സുരേഷിനെതിരെ കേസ്
താമരശേരി റേഞ്ച് ഓഫിസറാണ് കേസെടുത്തത്
കോഴിക്കോട് | അശാസ്ത്രീയമായി പാമ്പുകളെ കൈകാര്യം ചെയ്തതിനു വാവ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെമിനാറില്‍ വിഷപാമ്പുകളെ പ്രദര്‍ശിപ്പിച്ചെന്ന പരാതിയിലാണു നടപടി.
ഡി എഫ് ഒ യുടെ നിര്‍ദേശപ്രകാരം താമരശേരി റേഞ്ച് ഓഫിസറാണ് കേസെടുത്തത്. പാമ്പുകളെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവക്കാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ക്ലിനിക്കല്‍ നഴ്സിങ് എജുക്കേഷനും നഴ്സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് സംയുക്തമായാണ് അശാസ്ത്രീയമായ പാമ്പുകളെ കൈകാര്യം ചെയ്യുന്ന വാവ സുരേഷിനെ വിളിച്ചു ക്ലാസ് എടുപ്പിച്ചത്.
പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോള്‍ മൈക്കിന് പകരം പാമ്പിനെ പോഡിയത്തില്‍ വച്ചു ക്ലാസ് എടുക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത്തരത്തില്‍ അശാസ്ത്രീയമായ പരിപാടിക്കു വേദിയൊരുക്കിയതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിദഗ്ധരുടെ ഭാഗത്തുനിന്നുണ്ടായത്.
വാവ സുരേഷിന്റെ പാമ്പുപിടിത്ത രീതിക്കെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം നീലംപേരൂര്‍ വെച്ച് മൂര്‍ഖന്‍ കടിച്ച സുരേഷ് ദീര്‍ഘ നാളത്തെ ചികിത്സക്കു ശേഷമാണ് രക്ഷപ്പെട്ടത്.