Kerala
പത്താം ക്ലാസുകാരിയുടെ ശരീരത്തില്‍ സഹപാഠികള്‍ നായ്ക്കരുണപ്പൊടി എറിഞ്ഞു; ദേഹമാകെ ചൊറിഞ്ഞ് തടിച്ചു, പരീക്ഷ എഴുതാനായില്ല
സംഭവം നടന്നിട്ട് രണ്ടാഴ്ചയായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് കുട്ടിയുടെ കുടുംബം പറയുന്നു.

കൊച്ചി| കൊച്ചിയില്‍ പത്താം ക്ലാസുകാരിയുടെ ശരീരത്തില്‍ നായ്ക്കരുണപ്പൊടി എറിഞ്ഞ് സഹപാഠികളുടെ ക്രൂര വിനോദം. കുട്ടിയുടെ ശരീരമാകെ ചൊറിഞ്ഞ് തടിച്ച് പരീക്ഷ പോലും എഴുതാനാവാത്ത അവസ്ഥയിലാണുള്ളത്. കൊച്ചി കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ ക്രൂരതയ്ക്ക് ഇരയായത്. സംഭവം നടന്നിട്ട് രണ്ടാഴ്ചയായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് കുട്ടിയുടെ കുടുംബം പറയുന്നു.
ക്ലാസിലെ പിന്‍ബഞ്ചിലിരിക്കുന്ന പെണ്‍കുട്ടിയാണ് നായ്ക്കരുണ പൊട്ടിച്ച് ക്ലാസ് മുറിയില്‍ വിതറിയതെന്ന് വിദ്യാര്‍ത്ഥി പറയുന്നു. പരസ്പരം എറിയുന്നതിനിടെ പരീക്ഷ കഴിഞ്ഞ് ബെഞ്ചില്‍ വിശ്രമിക്കുകയായിരുന്ന തന്റെ ദേഹത്തും നായ്ക്കരുണ പൊടി ആകുകയായിരുന്നു. ഇതോടെ ശരീരം ചൊറിഞ്ഞ് തുടങ്ങി. തുടര്‍ന്ന് സഹപാഠികള്‍ തന്നോട് കുളിക്കാന്‍ പറഞ്ഞു. ചൊറിച്ചില്‍ കൂടിയതോടെ ശുചിമുറിയിലെത്തി ശരീരമാകെ വെള്ളമൊഴിച്ചു. ഇതോടെ നായ്ക്കരുണപ്പൊടി ശരീരമാകെ പടര്‍ന്നു. ഇതോടെ ചൊറിച്ചില്‍ സഹിക്കാനാകാതെ നിരവധി ആശുപത്രികള്‍ കയറിയിറങ്ങിയെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു. ഇക്കാരണത്താല്‍ കുട്ടിയ്ക്ക് മോഡല്‍ പരീക്ഷയും എഴുതാനായില്ല. ശരീരമാതെ ചൊറിഞ്ഞ് മുറിവുകള്‍ ആയതോടെ കുട്ടി മാനസികമായും തളര്‍ന്ന അവസ്ഥയിലാണ്.
കുളിക്കാന്‍ പോകും മുമ്പ് ഇക്കാര്യം ടീച്ചറോട് പറയാന്‍ സഹപാഠികളെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ആരും ടീച്ചറെ അറിയിച്ചില്ല. പിറ്റേ ദിവസമായപ്പോഴേക്കും തനിക്ക് കാലുകള്‍ കൂട്ടി വെക്കാന്‍ പറ്റാത്ത അവസ്ഥയായെന്നും പെണ്‍കുട്ടി പറയുന്നു. ജോലിക്ക് പോകാതെ മകള്‍ക്ക് വീശിക്കൊടുത്തും മാനസിക പിന്തുണകൊടുത്തും കൂട്ടിരിക്കുകയാണ് കുട്ടിയുടെ മാതാവ്. സംഭവം അറിഞ്ഞിട്ട് സ്‌കൂള്‍ അധികൃതര്‍ തുടക്കം മുതല്‍ വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന് മാതാവ് ആരോപിച്ചു. കടുത്ത വേദനയില്‍ കുട്ടി കഴിയുമ്പോഴും ക്ലാസിലെത്താന്‍ സ്‌കൂളില്‍ നിന്ന് നിര്‍ബന്ധിച്ചു. ഹാജരില്ലാതെ പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ വിദ്യഭ്യാസ മന്ത്രി ഇടപെടണമെന്ന്കുടുംബം ആവശ്യപ്പെട്ടു.