Kerala
അനധികൃത സ്വത്ത് സമ്പാദന കേസ്; എ ഡി ജി പി. എം ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ്
വീട് നിര്‍മാണം, ഫ്‌ളാറ്റ് നിര്‍മിക്കല്‍ എന്നിവയില്‍ അജിത് കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്ന് വിജിലന്‍സ്. സര്‍ക്കാരിന് അന്തിമ റിപോര്‍ട്ട് കൈമാറി.

തിരുവനന്തപുരം | അനധികൃത സ്വത്ത് സമ്പാദന കേസില്‍ എ ഡി ജി പി. എം ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ്. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അന്തിമ റിപോര്‍ട്ട് നല്‍കി. വീട് നിര്‍മാണം, ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണക്കടത്ത് എന്നിവയില്‍ അജിത് കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് റിപോര്‍ട്ടില്‍ പറയുന്നു. ഇന്ന് ഇതുസംബന്ധിച്ച് കേസ് വിജിലന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. പി വി അന്‍വറിന്റെ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.
എ ഡി ജി പി. എം ആര്‍ അജിത് കുമാറിനെതിരെ നാല് ആരോപണങ്ങളാണ് പ്രധാനമായും മുന്‍ എം എല്‍ എ. പി വി അന്‍വര്‍ ഉന്നയിച്ചിരുന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ് പി. സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചുവെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്താനായതെന്ന് വിജിലന്‍സ് അന്തിമ റിപോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം നഗരത്തിലെ കവടിയാറില്‍ നടക്കുന്ന ആഡംബര വീട് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നതായിരുന്നു രണ്ടാമത്തെ ആരോപണം. എന്നാല്‍, വീട് നിര്‍മാണത്തിനായി എസ് ബി ഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയതായും വീട് നിര്‍മാണം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലന്‍സ് റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കുറവന്‍കോണത്ത് ഫ്‌ളാറ്റ് വാങ്ങി 10 ദിവസത്തിനുള്ളില്‍ ഇരട്ടി വിലയ്ക്ക് മറിച്ചു വിറ്റുവെന്നാണ് ആരോപണമെന്നും സ്വാഭാവിക വില വര്‍ധനയാണ് ഫ്‌ളാറ്റിന് ഉണ്ടായതെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്. മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറിയില്‍ അജിത് കുമാറിന് പങ്കുണ്ടെന്ന ആരോപണം തെളിയിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് റിപോര്‍ട്ട് വിശദീകരിക്കുന്നു.