Kerala
കാലാവസ്ഥാ വ്യതിയാനം അതിജീവന പദ്ധതിക്ക് സര്‍ക്കാര്‍
അഡാപ്‌റ്റേഷന്‍ മിഷന് രൂപം നല്‍കി, 2050തോടെ കേരളത്തെ നെറ്റ് കാര്‍ബണ്‍ ന്യൂട്രല്‍ ആക്കും
പാലക്കാട് | കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കാലാവസ്ഥക്ക് മാറ്റം വന്നതോടെ അതിനെ അതീജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വിലയിരുത്തുന്നതിനും ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ കേരള കാലാവസ്ഥാ വ്യതിയാന അഡാപ്‌റ്റേഷന്‍ മിഷന്(കെ സി സി എ എം) രൂപം നല്‍കി.
2050ഓടെ കേരളത്തെ നെറ്റ് കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിനുള്ള പദ്ധതികള്‍ കെ സി സി എ എം ആവിഷ്‌കരിക്കും. കൃഷി, ഗതാഗതം, ഊര്‍ജം, മാലിന്യം, പരിസ്ഥിതി, വ്യവസായം, കെട്ടിടങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ നടപ്പാക്കി കേരളത്തെ കാലവസ്ഥാ വ്യതിയാനത്തില്‍ നിന്ന് രക്ഷിക്കാനുള്ള പദ്ധതികള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് പ്രളയക്കെടുതിയും വരള്‍ച്ചയും വന്‍ ആഘാതമാണ് ഏല്‍പ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പാരിസ്ഥിതിക പ്രശ്‌നം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ വരും വര്‍ഷങ്ങളിലും രൂക്ഷമാകുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞകാലങ്ങളിലെ പ്രളയക്കെടുതികളും വരള്‍ച്ചയും അതാണ് സൂചന നല്‍കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ആസൂത്രണ പരിപാടികള്‍ നടപ്പാക്കാത്തപക്ഷം സംസ്ഥാനം വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കെ സി സി എ എം രൂപവത്കരിക്കാന്‍ മുന്നോട്ട് വന്നത്.
ഹരിതഗൃഹ വാതക ബഹിര്‍ഗമനം ലഘൂകരിക്കുക, പ്രകൃതി മലനീകരണം തടയുന്നതിനുള്ള സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുക, ദുരന്ത സാധ്യതയെ അടിസ്ഥാനമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക, ലഘൂകരണ നടപടികള്‍ക്കുള്ള ഫണ്ട് ഉറപ്പാക്കുക എന്നിവയാണ് കെ സി സി എ എമ്മിന്റെ ഉത്തരവാദിത്വം.
2050ഓടെ കേരളത്തെ നൂറ് ശതമാനം പുനരുപയോഗ ഊര്‍ജത്തെ ആശ്രയിക്കുന്ന സംസ്ഥാനമാക്കി മാറ്റി, നെറ്റ് കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാന്‍ കെ സി സി എ എമ്മിന് കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന്റെ പ്രവര്‍ത്തനത്തിനായി ചീഫ് റെസിഡന്റ് ഓഫീസര്‍ ഉള്‍പ്പെടെ ഒമ്പത് തസ്തികകളില്‍ സര്‍ക്കാര്‍ നിയമനം നടത്തിക്കഴിഞ്ഞു. കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് നിര്‍മാണം, ഗതാഗതം, ഊര്‍ജം എന്നീ മേഖലകളില്‍ നവീകരണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നിയമനിര്‍മാണം നടത്താനും ആലോചനയുണ്ട്്. ഇതിനു പുറമെ നിലവിലുള്ള ബില്‍ഡിംഗ് റൂള്‍സ് പ്രകാരം കെട്ടിടങ്ങള്‍ കാലാവസ്ഥയെ പ്രതിരോധിക്കുന്നതിന് അനുയോജ്യമല്ല.
ഇവക്കും മാറ്റം വരുത്തുന്നതിന് ആലോചനയുണ്ട്്. സംസ്ഥാനത്തെ കാലവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ സര്‍വമേഖലകളിലും നടപ്പാക്കി, വരും തലമുറയെ രക്ഷിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.