Climate Change
കാലാവസ്ഥാ വ്യതിയാനം; ലക്ഷദ്വീപിനെ കടല്‍ കവരുന്നു
അഗത്തി വിമാനത്താവളത്തിനും ഭീഷണി
മട്ടാഞ്ചേരി | കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ലക്ഷദ്വീപിനെ കടല്‍ കവരുന്നതായി റിപ്പോര്‍ട്ട്. ദ്വീപ് സമൂഹത്തിലെ പ്രധാന ദ്വീപുകളില്‍ കടല്‍കയറ്റം പ്രകടമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതിവര്‍ഷം 0.4 മില്ലി മീറ്റര്‍ മുതല്‍ 0.9 മില്ലി മീറ്റര്‍ വരെ കടല്‍ ജലനിരപ്പുയരുകയാണ്. ഇതിലൂടെ ജനവാസമുള്ള 10 ദ്വീപുകളില്‍ ആറ് ദ്വീപുകളിലും തീരങ്ങള്‍ നഷ്ടപ്പെടുന്നു. കടല്‍കയറ്റം അഗത്തി വിമാനത്താവളത്തിനും ആശങ്കയുണ്ടാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോരഖ്പൂർ ഐ ഐ ടിയിലെ ആർകിടെക്ചര്‍ റീജിയനല്‍ പ്ലാനിംഗ് വകുപ്പും ഓഷ്യന്‍ എന്‍ജിനീയറിംഗ് നേവല്‍ ആര്‍ക്കിടക്ച്ചര്‍ വകുപ്പും ചേര്‍ന്നുള്ള സംഘമാണ് പഠനം നടത്തിയത്. ചെറുകിട തുറമുഖങ്ങളായ ചത്ത്‌ലറ്റ്, ആമിനി ദ്വീപുകള്‍ക്കാണ് തീര ഭൂമി ഏറെയും നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആമിനി ദ്വീപിന് 60- 70 ശതമാനവും ചെത്ത്‌ലത്തിന് 80 ശതമാനം വരെയും തീരമാണ് നഷ്ടപ്പെട്ടത്. മിനിക്കോയ്, കവരത്തി ദ്വീപുകള്‍ക്ക് 60 ശതമാനം വരെ തീരദേശ ഭൂമി നഷ്ടമുണ്ടായിട്ടുണ്ടെന്നും പഠനസംഘം വ്യക്തമാക്കുന്നു. ഐഷ ജെനറ്റ്, ആതിര കൃഷ്ണന്‍, ഷെകത്ത് കുമാര്‍ പോള്‍, പ്രസാദ് കെ ഭാസ്‌കരന്‍ എന്നിവരാണ് പഠന സംഘത്തെ നയിച്ചത്.
ആദ്യമായാണ് ദ്വീപില്‍ കാലാവസ്ഥാ വ്യതിയാന അനുബന്ധ കടല്‍കയറ്റ പഠനം നടത്തുന്നത്.