Connect with us

Uae

കാലാവസ്ഥാ വ്യതിയാനം; യു എ ഇ ഇടപെടല്‍ നിര്‍ണായകം

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ശുദ്ധ ഊര്‍ജത്തിലേക്ക് മാറാന്‍ രാജ്യങ്ങള്‍ സമ്മതിക്കുന്നതായി ശൈഖ് നഹ്യാന്‍. ഇക്കാര്യത്തില്‍ യു എ ഇ സമവായം ഫലം കാണുകയാണ്.

Published

|

Last Updated

ദുബൈ | കാലാവസ്ഥാ വ്യതിയാനത്തിനെതിരെ, നിര്‍ണായകമായ 1.5 ഡിഗ്രി സെല്‍ഷ്യസ് ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുന്നതിന് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ശുദ്ധ ഊര്‍ജത്തിലേക്ക് മാറാന്‍ രാജ്യങ്ങള്‍ സമ്മതിക്കുന്നതായി യു എ ഇ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും കോപ്പ് 28നുള്ള തയ്യാറെടുപ്പുകളുടെ മേല്‍നോട്ടം വഹിച്ച ഉന്നത സമിതിയുടെ ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ യു എ ഇ സമവായം ഫലം കാണുകയാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോപ്പ് 28 അവസാനിച്ചത് മുതല്‍ യു എ ഇ നയതന്ത്ര ശ്രമങ്ങള്‍ നടത്തുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് പ്രായോഗിക പരിഹാരങ്ങളുള്ള സമഗ്രമായ ചര്‍ച്ചാ വാചകം തയ്യാറാക്കിയത് യു എ ഇയാണ്. ബഹുരാഷ്ട്ര നയതന്ത്രത്തിന് വിജയകരമായ മാതൃക നല്‍കിയ ചരിത്രപരമായ സംഭവമാണ് യു എ ഇയില്‍ നടന്ന കോപ്പ് 28. ബാക്കുവിലാണ് കോപ്പ് 29 നടക്കുക.

യു എ ഇയുടെ പങ്കാളിത്തമുള്ള പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ വിവിധ മേഖലകളില്‍ നിന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കാലാവസ്ഥാ പ്രവര്‍ത്തനത്തെ ശാക്തീകരിക്കല്‍, അന്താരാഷ്ട്ര സഹകരണം, പ്രകൃതി നാശനഷ്ടങ്ങള്‍ എന്നിവയൊക്കെ വിലയിരുത്തപ്പെടും. ബാക്കുവില്‍ ഈ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടേണ്ടതുണ്ട്.

യു എ ഇയുടെ ജലവുമായി ബന്ധപ്പെട്ട സംരംഭങ്ങളെക്കുറിച്ചും പ്രാഥമിക തയാറെടുപ്പ് സമിതി വിലയിരുത്തി. കാലാവസ്ഥാ പ്രതിബദ്ധതകളെക്കുറിച്ച് സുതാര്യമായ റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കാനുള്ള യു എ ഇയുടെ ശ്രമങ്ങള്‍, സുസ്ഥിര വികസനവും ടൂളുകളും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന പങ്കാളിത്തത്തില്‍ (എന്‍ ഡി സി പങ്കാളിത്തം) ചേരാനുള്ള മന്ത്രിസഭയുടെ തീരുമാനം ഉള്‍പ്പെടെ, അവലോകനം ചെയ്തു.

യു എ ഇയുടെ സജീവ പങ്ക് ഉറപ്പാക്കുന്നതിനും കോപ് 28-ല്‍ നിന്നുള്ള അന്താരാഷ്ട്ര കാലാവസ്ഥാ പ്രതിബദ്ധതകളും പാരമ്പര്യവും ശക്തിപ്പെടുത്തുന്നതിനുമായി കോപ്പ് 29നുള്ള തയ്യാറെടുപ്പുകള്‍ കമ്മിറ്റി അംഗങ്ങള്‍ വിശദീകരിച്ചു.

 

Latest