Connect with us

Kerala

കാലാവസ്ഥാ വ്യതിയാനം പുതിയ ലോകക്രമത്തെ രൂപപ്പെടുത്തും: ഡോ. ഉസാമ അൽ അബ്ദ്

നാല്പത് രാജ്യങ്ങളിൽ നിന്നുള്ള വിവിധ സർവകലാശാലകളിൽ നിന്നായി ഇരുനൂറിലേറെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

Published

|

Last Updated

മർകസ് നോളജ് സിറ്റി | കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ പുതുക്കിപ്പണിയുമെന്നും പുതിയ ലോകക്രമം രൂപപ്പെടാൻ വഴിയൊരുക്കുമെന്നും ലീഗ് ഓഫ് അറബ് യൂണിവേഴ്സിറ്റീസ് മേധാവി ഡോ. സയ്യിദ് ഉസാമ മുഹമ്മദ് അൽ അബ്ദ്. അന്താരാഷ്ട്ര സർവകലാശാല മേധാവികളുടെ കാലാവസ്ഥാ ഉച്ചകോടി മർകസ് നോളജ് സിറ്റിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

ഇരുപതാം നൂറ്റാണ്ട് വരെ ലോകം അനുഭവിച്ചതിൽ നിന്നും വ്യത്യസ്തമായ ഘടനയിലുള്ള വെല്ലുവിളികൾ ആണ് ഇപ്പോൾ നാം നേരിടുന്നത്. പ്രകൃതിയിലെ ഏതൊരു ചെറിയ മാറ്റവും ലോകത്തെ  എല്ലാ വിഭാഗം ജനങ്ങളെയും പ്രദേശങ്ങളെയും ഒരുപോലെ ബാധിക്കുന്ന വിധത്തിൽ മനുഷ്യസമൂഹം കൂടുതൽ പരസ്പര ബന്ധിതമായി കൊണ്ടിരിക്കുകയാണ്.  ജൈവ സമൂഹം എന്ന നിലയിൽ മനുഷ്യൻ നേരിടുന്ന പ്രതിസന്ധികളുടെ ആഗോള വൽക്കരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രാദേശിക  ദേശീയതകളിൽ നിന്നുകൊണ്ട് മാത്രം ഇത്തരം പ്രശ്നങ്ങൾക്ക്  പരിഹാരം കണ്ടെത്തുക സാധ്യമല്ല. രാജ്യങ്ങൾക്കിടയിൽ കൂടുതൽ വിപുലമായ കൂട്ടായ്മകൾ രൂപപ്പെട്ടു വരേണ്ടത്തിൻ്റെയും കൂടുതൽ   വിപുലമായ ആഗോള കൂട്ടായ്മകൾ ശക്തിപ്പെടേണ്ടതിൻ്റെയും ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ആയിരക്കണക്കിന് വർഷങ്ങളുടെ സാംസ്‌കാരിക പൈതൃകവും വിഭവങ്ങളുമുള്ള ഇന്ത്യക്ക് ഇക്കാര്യത്തിൽ നിർണായകമായ പങ്ക് നിർഹിക്കാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാവി തലമുറകൾക്ക് വേണ്ടി വിഭവങ്ങൾ കരുതിവെക്കൽ മാനവരാശിയുടെ  ഉത്തരവാദിത്വമാണ്. പ്രാദേശികവും ഭൂമി ശാസ്ത്രവുമായ സവിശേഷതകൾ തിരിച്ചറിഞ്ഞ് പരിസ്ഥിതി സംരക്ഷണത്തിന് കാര്യക്ഷമമായ നിയമ നിർമാണങ്ങൾ ഉണ്ടാകണം. സർവകലാശാലകൾക്കും അക്കാദമിക സമൂഹത്തിനും ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. അബ്ദുൽ ഹകിം അസ്ഹരി പ്രമേയം അവതരിപ്പിച്ച് ആമുഖപ്രഭാഷണം നടത്തി. രാജ്യത്തിൻ്റെ ഭൂമി ശാസ്ത്രപരവും ജനസംഖ്യാ പരവുമായ പ്രത്യേകതകൾ, കാലാവസ്ഥാ വ്യതിയാനത്തെ  ആഗോള തലത്തിൽ നേരിടുന്നതിൽ ഇന്ത്യക്ക് വഹിക്കാനുള്ള നേതൃപരമായ പങ്കാളിത്തത്തെയും ഉത്തരവാദിത്തത്തെയും വർധിപ്പിക്കുന്നുണ്ട്.  ഈ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടാണ് അറബ് സർവകലാശാലകളുടെ കൂട്ടായ്മ, ഉച്ചകോടിക്ക് വേണ്ടി ഇന്ത്യയെ തിരഞ്ഞെടുത്തത്. ഉച്ചകോടിയുടെ പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഡോ. അബ്ദുൽ ഹകിം അസ്ഹരി പറഞ്ഞു.

ഉച്ചകോടിയുടെ മുഖ്യ രക്ഷാധികാരി ശൈഖ് അബൂബക്കർ അഹമദിൻ്റെ സന്ദേശം ജാമിഅ മർകസ് വൈസ് ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് വായിച്ചു. ഡോ. മുഹമ്മദ് വസ്സാം ഖിദ്ർ, ഡോ. മാഹിർ ഖുദൈർ, പ്രൊഫ.ഡോ അബ്ദെൽ ഫത്താഹ് അൽ ബസം, മുഹമ്മദ് അബ്ദുറഹ്‍മാൻ ഫൈസി, പ്രൊഫ. ഡോ. മുഹമ്മദ് സവാവി ബിൻ സെയിൻ എൽ അബിദിൻ, അബ്ദുൽ ഹകീം ഫൈസി തുടങ്ങിയവർ സംസാരിച്ചു.

വിവിധ സെഷനുകളിലായി പതിനഞ്ചു പ്രബന്ധങ്ങൾ ആദ്യ ദിവസം അവതരിപ്പിക്കപ്പെട്ടു. നാല്പത് രാജ്യങ്ങളിൽ നിന്നുള്ള വിവിധ സർവകലാശാലകളിൽ നിന്നായി ഇരുനൂറിലേറെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ബുധനാഴ്ച വൈകുന്നേരം നടക്കുന്ന മലൈബാർ ക്ലൈമറ്റ് ഡിക്ലറേഷനോടു കൂടെ ഉച്ചകോടി സമാപിക്കും.

Latest