National
കർ'നാടക'ത്തിൽ ക്ലൈമാക്സ്; മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ
ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം.
ന്യൂഡൽഹി | അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കർണാടക മുഖ്യമന്ത്രിയെ തീരുമാനിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. കർണാടകയിൽ മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. ആദ്യ ടേമിലാണ് സിദ്ധരാമയ്യക്ക് അവസരം നൽകുന്നത്. ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകമുണ്ടാകും.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഡി കെ ശിവകുമാറിനെ അറിയിച്ചു. എന്നാൽ ടം സംബന്ധിച്ച് കൃത്യമായ ഉറപ്പും പരിഗണനയും നൽകണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടതായാണ് സൂചന. ആദ്യം ടേമിൽ രണ്ട് വർഷം സിദ്ധരാമയ്യയ്ക്കും രണ്ടാം ടേമിൽ മൂന്ന് വർഷം ഡി.കെ. ശിവകുമാറിനും മുഖ്യമന്ത്രി സ്ഥാനം നൽകാനാണ് ധാരണയായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏറെനേരം നീണ്ട ചർച്ചകൾക്കൊടുവിൽ രാഹുൽ ഗാന്ധി സിദ്ധരാമയ്യക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. അവസാന നിമിഷം വരെ പദവിക്കായി ഉറച്ചുനിന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ അനുനയിപ്പിച്ചാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
കർണാടകയിൽ കോൺഗ്രസിന് അധികാരം ലഭിച്ച് മുതലുള്ള അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ അന്ത്യമാകുന്നത്. ഹൈക്കമാൻഡ് നിരീക്ഷകർ സമർപ്പിച്ച റിപ്പോരട്ടിൽ സിദ്ദരാമയ്യക്കാണ് കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉള്ളതെന്ന് വ്യക്തമാക്കിയിരുന്നു. 85 എം.എൽ.എമാരും സിദ്ധരാമയ്യയെ പിന്തുണക്കുന്നുവെന്നാണ് നിരീക്ഷക സമിതിയുടെ റിപ്പോർട്ട്. 45 എം.എൽ.എമാരാണ് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം അഞ്ച് അംഗങ്ങൾ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേയെന്ന നിലപാടുകാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യയെ തന്നെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുത്തത്.
വിഷയത്തിൽ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചർച്ചകള്‍ നടന്നത്.
ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കർണാടകയുടെ മുഖ്യമന്ത്രിയാകുന്നത്. 2013 മെയ് 13 മുതൽ 2018 മെയ് 17 വരെ അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചു. മുൻ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു അദ്ദേഹം.