editorial
പിടിപ്പുകേട് മാനദണ്ഡത്തിനോ ഭരണകൂടത്തിനോ?
ബി ജെ പി ഭരണകൂടം വന്നതിന് ശേഷം ദാരിദ്ര്യം കുറഞ്ഞതായി അടിക്കടി അവകാശപ്പെടാറുണ്ട്. എന്നാൽ സർക്കാർ ഏജൻസികൾ പുറത്തുവിട്ട കണക്കുകൾ തന്നെ ഇതിനെ നിരാകരിക്കുന്നു. 2019ലെ ദേശീയ സ്ഥിതിവിവര കാര്യാലയത്തിന്റെ കണക്കനുസരിച്ച് അഞ്ച് വർഷക്കാലയളവിൽ മൂന്ന് കോടി ആളുകൾ കൂടി ദാരിദ്ര്യത്തിലേക്ക് പതിക്കുകയാണുണ്ടായത്.
എന്താണ് ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 105ാം സ്ഥാനത്തേക്ക് കൂപ്പുകുത്താൻ കാരണം? ഇന്ത്യയിൽ ദരിദ്രർ കൂടുതലുള്ളത് കൊണ്ടല്ല, പട്ടിണി സൂചിക തയ്യാറാക്കിയ രാജ്യാന്തര സംഘടനകൾ സ്വീകരിച്ച മാനദണ്ഡങ്ങളിലെ പിഴവാണ് കാരണമെന്നാണ് കേന്ദ്രമന്ത്രി നിമുബെൻ ജയന്തിഭായ് കഴിഞ്ഞദിവസം ലോക്സഭയിൽ പറഞ്ഞത്. കുട്ടികളുടെ വരൾച്ചാ മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണനിരക്ക് എന്നിവ ആധാരമാക്കിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷനൽ ലോ ഓഫ് പീസ് ആൻഡ് കോൺഫിളിക്ട്, കൺസേൺഡ് വേൾഡ് വൈഡ്, വെൽത്തുംഗർ ലൈഫ് എന്നീ സംഘടനകൾ പട്ടിണി സൂചിക തയ്യാറാക്കിയത്. കുട്ടികളുടെ വരൾച്ചാ മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണനിരക്ക് എന്നിവയാണ് ഇവർ ദാരിദ്ര്യത്തിന് മാനദണ്ഡമാക്കിയത്. ഈ മാനദണ്ഡങ്ങൾ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും ഇത് ജനങ്ങളുടെ പൊതുവായ ദാരിദ്ര്യത്തിന് മാനദണ്ഡമാക്കാവുന്നതല്ലെന്നുമാണ് മന്ത്രിയുടെ പക്ഷം. ആലത്തൂർ എം പി. കെ രാധാകൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം രാജ്യാന്തര സംഘടനകൾ പ്രസിദ്ധീകരിച്ച സുചികയിൽ അപാകതയില്ല.
കുട്ടികളുമായി ബന്ധപ്പെട്ട മേൽപറഞ്ഞ മൂന്ന് മാനദണ്ഡങ്ങൾക്ക് പുറമെ പൊതുവായ പോഷകാഹാരക്കുറവ് കൂടി മാനദണ്ഡമാക്കുന്നുണ്ട് അവരുടെ പഠനത്തിലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ പോഷകാഹാരക്കുറവ് മൂലം ഉണ്ടായിത്തീരുന്ന അനീമിയ രോഗം വളരെക്കൂടുതലാണ്. ദേശീയ സർവേ അനുസരിച്ച് സ്ത്രീകളിൽ 57 ശതമാനവും പുരുഷന്മാരിൽ 25 ശതമാനവും അനീമിയ ബാധിതരാണ്. ദാരിദ്ര്യത്തിന്റെ തീഷ്ണതയിലേക്കാണിത് വിരൽ ചൂണ്ടുന്നത്. രാജ്യത്ത് ബി ജെ പി ഭരണകൂടം വന്നതിന് ശേഷം ദാരിദ്ര്യം കുറഞ്ഞതായി സർക്കാർ കേന്ദ്രങ്ങൾ അടിക്കടി അവകാശപ്പെടാറുണ്ട്. എന്നാൽ സർക്കാർ ഏജൻസികൾ പുറത്തുവിട്ട കണക്കുകൾ തന്നെ ഇതിനെ നിരാകരിക്കുന്നു. 2019ൽ ദേശീയ സ്ഥിതിവിവര കാര്യാലയം (എൻ എസ് ഒ) പുറത്തുവിട്ട കണക്കനുസരിച്ച് 2011-12 മുതൽ 2016-17 വരെയുള്ള അഞ്ച് വർഷക്കാലയളവിൽ മൂന്ന് കോടി ആളുകൾ കൂടി ദാരിദ്ര്യത്തിലേക്ക് പതിക്കുകയാണുണ്ടായത്. ഇക്കാലയളവിൽ ഗ്രാമീണ ദാരിദ്ര്യം 26 ശതമാനത്തിൽ നിന്ന് 30 ശതമാനം വർധിച്ചുവെന്നും എൻ എസ് ഒയെ ഉദ്ധരിച്ച് ദേശീയ മാധ്യമായ മിന്റ്റിപോർട്ട് ചെയ്യുന്നു.
രാജ്യത്ത് പട്ടിണി വർധിച്ചത് തന്നെയാണ് ദാരിദ്ര്യ സൂചികയിൽ ഇന്ത്യ താഴെ വരാൻ കാരണമെന്നും മാനദണ്ഡങ്ങളിലെ അപാകതയല്ലെന്നും ഈ പഠനങ്ങൾ ഉദ്ധരിച്ച് സാമ്പത്തിക വിദഗ്ധനും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫസറുമായ ഡോ. ആർ രാംകുമാർ സമർഥിക്കുന്നുണ്ട്. 1972ൽ ഇന്ത്യയിൽ ദാരിദ്ര്യത്തിന്റെ കണക്കുകൾ എടുക്കാൻ തുടങ്ങിയ ശേഷം വ്യക്തമായ വർധന ഇതാദ്യമാണെന്നും എൻ എസ് ഒ റിപോർട്ടിലേക്ക് ചൂണ്ടി അദ്ദേഹം പറയുന്നു.ലോകത്ത് അതിദരിദ്രർ കൂടുതലുള്ള അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുമെന്ന് കഴിഞ്ഞ മാസം 17ന് ഐക്യരാഷ്ട്ര സഭ പ്രസിദ്ധീകരിച്ച റിപോർട്ട് വ്യക്തമാക്കുന്നു. ഓക്‌സ്‌ഫോഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ്ഇനിഷ്യേറ്റീവുമായി (ഒ പി എച്ച് ഐ) സഹകരിച്ച് 112 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ലോകത്ത് 110 കോടി ജനങ്ങൾ അതിദാരിദ്ര്യത്തിലാണെന്ന് കണ്ടെത്തി. 23.4 കോടി അതിദരിദ്രരുളള ഇന്ത്യയാണ് പട്ടികയിൽ ഒന്നാമതെന്ന് യു എൻ ഡെവലപ്‌മെന്റ്പ്രോഗ്രാം റിപോർട്ടിൽ പറയുന്നു. പാകിസ്്താൻ, എത്യോപ്യ, നൈജീരിയ, കാംഗോ എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകിൽ. ആകെ അതിദരിദ്രരിൽ 48.1 ശതമാനും ഈ അഞ്ച് രാജ്യങ്ങളിലാണ്. ഇനി രാജ്യാന്തര സംഘടനകളുടെ പഠനം മാറ്റിവെച്ച് ഇന്ത്യൻ ഏജൻസികളുടെ പഠനങ്ങൾ എടുത്താൽ തന്നെയും കാര്യം പന്തിയല്ലെന്ന് ബോധ്യപ്പെടും.
സർക്കാർ അനുബന്ധ സ്ഥാപനമായ നിതി ആയോഗിന്റെ കണക്ക് പ്രകാരം ഇന്ത്യൻ ജനതയുടെ 25 ശതമാനം (36 കോടി) ദരിദ്രരാണ്. നാഷനൽ സർവേ ഓർഗനൈസേഷന്റെ പഠനം ആധാരമാക്കി സ്വതന്ത്ര സാമ്പത്തിക ഗവേഷകനായ എസ് സു ബ്രഹ്മണ്യൻ തയ്യാറാക്കിയ റിപോർട്ട് പ്രകാരം 35 ശതമാനം (ഏതാണ്ട് 50 കോടി) വരും ഇന്ത്യയിലെ ദരിദ്രർ. രാജ്യത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം ഇപ്പോഴും ദരിദ്രരാണെന്നാണ് ഈ രണ്ട് റിപോർട്ടുകളും ബോധ്യപ്പെടുത്തുന്നത്. രാജ്യാന്തര ഏജൻസികളുടെ പഠനങ്ങളെ വിമർശിക്കുന്നതിന് പകരം സാമൂഹിക ക്ഷേമപദ്ധതികളിൽ ഊന്നിയും വർധിതമായ തോതിലുള്ള തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചം ഇന്ത്യയെ ദാരിദ്ര്യമുക്തമാക്കാനുള്ള ശ്രമങ്ങളാണ് ബന്ധപ്പെട്ടവർ നടത്തേണ്ടത്. പെട്രോൾ വില കുതിച്ചുയരുന്നതും പണപ്പെരുപ്പം പെരുകുന്നതും സാധാരണക്കാരന്റെ ജീവിതത്തെ സാരമായി ബാധിക്കുമെന്നതിനാൽ അവക്കും പരിഹാരം കാണേണ്ടതുണ്ട്.
ദാരിദ്ര്യ നിർമാർജനത്തിൽ അതിപ്രധാനമാണ് സമ്പത്തിന്റെ വികേന്ദ്രീകരണത്തിനുള്ള പ്രായോഗിക നടപടികൾ. രാജ്യം സാമ്പത്തിക വളർച്ച നേടുന്നുണ്ടെങ്കിലും അതിൽ സിംഹഭാഗവും സമ്പന്നരുടെ കരങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. ബിബേക് ദിബ്രോയി ചെയർമാനായ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിന്റെ 2022ലെ റിപോർട്ട് പ്രകാരം രാജ്യത്ത് സാമ്പത്തിക അസമത്വം അതീവ ഗൗരവതരമാണ്.
സമ്പന്ന വിഭാഗം അടിക്കടി വളരുമ്പോൾ സാധാരണക്കാരന്റെ സാമ്പത്തിക നിലവാരം കുത്തനെ ഇടിയുന്നു. സമ്പന്ന വിഭാഗത്തിന് സർക്കാർ വൻതോതിൽ ഇളവുകൾ നൽകുമ്പോൾ, സാധാരണക്കാരനെ ദാരിദ്ര്യരേഖയിൽ നിന്ന് മാറ്റിനിർത്തി അവർക്ക് അർഹതപ്പെട്ട ബി പി എൽ കാർഡ് പോലുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. “മുഖം വികൃതമായതിന് കണ്ണാടി പൊട്ടിക്കുക’ എന്ന ചൊല്ലിനെയാണ് രാജ്യത്തെ ദാരിദ്ര്യം വർധിച്ചതിന് ദാരിദ്ര്യ സൂചിക തയ്യാറാക്കിയ രാജ്യാന്തര ഏജൻസികളുടെ കണക്കെടുപ്പ് രീതിക്കെതിരെ കേന്ദ്രമന്ത്രി നടത്തിയ വിമർശം ഓർമിപ്പിക്കുന്നത്.