Connect with us

Web Special

ദുബൈയിലെ കനത്ത മഴയ്ക്ക് പിന്നിൽ ക്ലൗഡ് സീഡിങ്ങോ?

ക്ലൗഡ് സീഡിംഗ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണം ആകുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലും മറ്റും വിദഗ്ധരടക്കം പലരും ചോദിക്കുന്നത്. ചിലപ്പോൾ ആയേക്കാം എന്നാണ് ഉത്തരം. ആവശ്യമായ ജലം നൽകുന്നതിനോടൊപ്പം ക്ലൗഡ് സീഡിങ്ങിന് ചില അപകട സാധ്യതകളുമുണ്ട്.

Published

|

Last Updated

യു എ ഇയിൽ ഉടനീളം പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിൽ സ്കൂളുകൾ അടച്ചിടുകയും ഗതാഗതം സ്തംഭിക്കുകയും  വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ശക്തമായ കാറ്റിന്റെയും മഴയുടെയും ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവെക്കപ്പെടുന്നത്. ഏറെയും മരുഭൂമിയായ ദുബൈയിൽ ഇന്നലെ മണിക്കൂറുകൾക്കുള്ളിൽ പെയ്തു തോർന്നത് ഒന്നരവർഷം കൊണ്ട് പെയ്തു തോരേണ്ട അളവിൽ മഴയാണ്. എന്താണ് ഇങ്ങനെ ഒരു കാലാവസ്ഥക്ക്‌ കാരണം? ക്ലൗഡ് സീഡിംഗ് ആവാം ഇതിന് പിന്നിലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പ്രതിവർഷം ശരാശരി 100 മില്ലീമീറ്ററിൽ (3.9 ഇഞ്ച്) താഴെയായി തുടരുന്ന മഴയുടെ അളവ് വർദ്ധിപ്പിക്കാൻ ക്ലൗഡ് സീഡിംഗ് എന്ന മാർഗ്ഗം വ്യാപകമായി പരീക്ഷിച്ച രാജ്യമാണ് യുഎഇ. വളരുന്ന ജനസംഖ്യക്കും സമ്പത്ത് വ്യവസ്ഥയ്ക്കും ആനുപാതികമായി രാജ്യത്തിന് ആവശ്യമായ ജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ക്ലൗഡ് സീഡിങ് നടപ്പാക്കിയത്. ഇത് വിനോദസഞ്ചാരം ഉൾപ്പെടെ വിവിധ മേഖലകളെ സഹായിക്കുമെന്നതും ഈ രീതി സ്വീകരിക്കുന്നതിന് കാരണമായി.

യുഎഇയെ കൂടാതെ, സഊദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള മേഖലയിലെ മറ്റ് രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളിൽ മഴ വർദ്ധിപ്പിക്കുന്നതിന് സമാനമായ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. ഇന്ത്യയിൽ, ശൈത്യകാലത്തിന്റെ ആരംഭത്തോടെ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ പിടിമുറുക്കുന്ന മലിനീകരണം ലഘൂകരിക്കാൻ ശാസ്ത്രജ്ഞരും ഈ രീതി മുന്നോട്ട് വെച്ചിരുന്നു.

എന്താണ് ക്ലൗഡ് സീഡിങ് അഥവാ കൃത്രിമ മഴ!

അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമ മഴ‌ പെയ്യിക്കുന്ന രീതിയെ ക്ലൗഡ് സീഡിംഗ് എന്നു പറയുന്നു. മേഘങ്ങളിൽ മഴപെയ്യുവാൻ വേണ്ടി നടക്കുന്ന സൂക്ഷ്മ ഭൗതികപ്രവർത്തനങ്ങൾ, രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചാണ്‌ ഇത് ചെയ്യുന്നത്. ഇത് സാധാരണ രീതിയിൽ മഴ പെയ്യിക്കുന്നതിനോ, കൃത്രിമ മഞ്ഞ് വരുത്തുന്നതിനോ ആണ്‌ ഉപയോഗിക്കുന്നത്. കൂടാതെ മൂടൽ മഞ്ഞ് കുറക്കുന്നതിനും ഈ പ്രവർത്തനം ഉപയോഗിക്കുന്നു.

ക്ലൗഡ് സീഡിംഗ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുമോ!

ക്ലൗഡ് സീഡിംഗ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണം ആകുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലും മറ്റും വിദഗ്ധരടക്കം പലരും ചോദിക്കുന്നത്. ചിലപ്പോൾ ആയേക്കാം എന്നാണ് ഉത്തരം. ആവശ്യമായ ജലം നൽകുന്നതിനോടൊപ്പം ക്ലൗഡ് സീഡിങ്ങിന് ചില അപകട സാധ്യതകളുമുണ്ട്.

ക്ലൗഡ് സീഡിംഗ് രീതി ഉപയോഗിക്കുന്നതോടെ ഒരു പ്രദേശത്തേക്ക് ലഭിക്കേണ്ട മഴ വഴിതിരിച്ചുവിട്ട് അത് മറ്റിടങ്ങളിൽ വരൾച്ച ഉണ്ടാക്കിയേക്കാം. ക്ലൗഡ് സീഡിംഗ് രീതി പ്രയോഗിച്ച പ്രദേശങ്ങളിൽ സാധാരണയായി അധിക മഴയെ ഉൾക്കൊള്ളാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകാറില്ല. ഇത് പലപ്പോഴും വെള്ളപ്പൊക്കത്തിനും നാശത്തിനും കാരണമാകുന്നുമുണ്ട്.

യുഎഇയുടെ അയൽരാജ്യമായ ഒമാനിൽ, കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായത് അവർ ക്ലൗഡ് സീഡിങ് പരീക്ഷിച്ചത് കൊണ്ടാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മാത്രമല്ല സിൽവർ അയഡൈഡ് എന്ന രാസവസ്തുവിന്റെ ഉപയോഗം ആവാസവ്യവസ്ഥയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ രീതി സമുദ്രങ്ങളുടെ അസിഡിഫിക്കേഷനും ഓസോൺ പാളിയുടെ ശോഷണത്തിനും അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും എന്നും നിരവധി ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം വാദങ്ങൾ മുൻനിർത്തിയാണ് യുഎഇയിൽ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ കാരണക്കാരൻ ക്ലൗഡ് സീഡിംഗ് ആണെന്ന് വിദഗ്ധർ വാദിക്കുന്നത്.

ക്ലൗഡ് സീഡിംഗ് നടത്തിയില്ലെന്ന് എൻ സി എം 

മഴക്കായി ചൊവ്വാഴ്ച ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളൊന്നും നടത്തിയില്ല എന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വ്യക്തമാക്കി. മഴ വർധിപ്പിക്കാൻ ക്ലൗഡ് സീഡിംഗ് നടത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഈ കാലയളവിൽ ഇത്തരം ദൗത്യങ്ങൾ നടത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയത്.

കണ്ടന്റ് റൈറ്റർ

Latest