National
ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം; ഏഴ് മരണം
മേഘവിസ്‌ഫോടനത്തില്‍ വീടുകളും ഗോശാലയും ഒലിച്ചുപോയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
സോളന്‍| ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനം. ഇതേതുടര്‍ന്ന്ഏഴു പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. സോളനിലെ മാംലിഗിലെ ധയാവാല ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. മഴയിലും ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടമാണ് ഹിമാചല്‍ പ്രദേശില്‍ ഉണ്ടായിരിക്കുന്നത്.
മേഘവിസ്‌ഫോടനത്തില്‍ വീടുകളും ഗോശാലയും ഒലിച്ചുപോയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മേഘവിസ്‌ഫോടനത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇതില്‍ ആറ് പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു അനുശോചനം രേഖപ്പെടുത്തി.
ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്ത് മലയോര മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും നാശനഷ്ടങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാരുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, എല്ലാ ഡിസിമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് ജാഗ്രത പാലിക്കണമെന്നും റോഡുകള്‍, വൈദ്യുതി, വെള്ളം എന്നിവയുടെ സുഗമമായ ക്രമീകരണങ്ങള്‍ നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.