Connect with us

feature

മലബാര്‍ ചരിത്രത്തിലെ ക്ലബുകൾ

ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലുടനീളം പുതിയ നഗരകേന്ദ്രങ്ങളുയര്‍ന്നു വന്നു. ഈ നഗരകേന്ദ്രങ്ങളിലെ പ്രധാന പ്രത്യേകത വ്യാപാരവർഗത്തിന്റെയും മധ്യവർഗത്തിന്റെയും സാന്നിധ്യമായിരുന്നു. ഇവരുടെ അഭിരുചികള്‍ക്കനുസരിച്ചുകൊണ്ട് അവരുടെ വിശ്രമസമയം അഥവാ അവരുടെ "ലിഷര്‍ ടൈം' ഉപയോഗിക്കാനുള്ള പൊതു ഇടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ക്ലബുകള്‍. ക്ലബുകളുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം കോഴിക്കോടായിരുന്നു. മലബാറില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ കാര്‍ക്കശ്യത്തെ തകര്‍ക്കാനും വിവിധ ജാതിയിലും മതത്തിലും പെട്ട ആളുകള്‍ക്ക് നിർലോഭമായി ഇടപഴകാവുന്ന മതേതര പൊതു ഇടം സൃഷ്ടിക്കുന്നതിലും ക്ലബുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

Published

|

Last Updated

രിത്രം ഭൂതകാലത്തെ കുറിച്ചുള്ള പഠനമാണ്. ഭൂതകാലത്തെ ചരിത്രകാരന്മാര്‍ പുനര്‍നിർമിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. തെളിവുകളാണ് ചരിത്രത്തിന്റെ ജീവവായു. അത് കൊണ്ട് തന്നെ ആധുനിക ചരിത്രവിദ്യാർഥികളുടെ പ്രധാന ഉത്തരവാദിത്വം തെളിവുകളെ മുറുകെ പിടിക്കുക എന്നതാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭൂതകാലം വര്‍ത്തമാനകാലത്ത് പുനര്‍നിർമിക്കപ്പെടുന്നത്.

മലബാറിലെ ബ്രിട്ടീഷ് ഭരണവുമായി ബന്ധപ്പെട്ട പ്രധാന രേഖകളാണ് ആര്‍ക്കൈവ്‌സ് രേഖകള്‍, കോഴിക്കോട് സിവില്‍സ്റ്റേഷനിലെ റീജിയണല്‍ ആര്‍ക്കൈവ്‌സ് രേഖകള്‍ ഒന്നരനൂറ്റാണ്ടുകാലത്തെ ബ്രിട്ടീഷ് ഭരണകാലത്തെ കോളനിനിവാസികളുടെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ്. അതുകൊണ്ട് തന്നെ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതും കൗതുകകരവുമാണ് അത്തരം രേഖകള്‍.

1800 ല്‍ ടിപ്പുവിനെ കീഴടക്കി ടിപ്പുവില്‍ നിന്ന് ലഭിച്ച വടക്കന്‍ കേരളത്തിലെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ബ്രിട്ടീഷുകാര്‍ മലബാര്‍ എന്നൊരു പ്രവിശ്യ അഥവാ ജില്ല രൂപവത്കരിച്ചു. ഈ മലബാറിലെ ചരിത്രവുമായി ബന്ധപ്പെട്ട ആര്‍ക്കൈവ്‌സ് രേഖകള്‍ വളരെ നിർണായകരമാണ്. ഒപ്പം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്. 1792 മുതല്‍ 1947 വരെ മലബാര്‍ ബ്രിട്ടീഷ് അധീനതയിലായിരുന്നു.

മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ജില്ലാ കലക്ടര്‍ കോഴിക്കോട്ടായിരുന്നു ഉണ്ടായിരുന്നത്. മലബാറിലെ ബ്രിട്ടീഷ് കാലഘട്ടത്തെ രണ്ടായി തരംതിരിക്കാം. ഒന്ന് 1792 മുതല്‍ 1871 സെന്‍സസ് വരുന്ന വരെയുള്ള കാലഘട്ടം. രണ്ട് 1871 മുതല്‍ 1947 വരെയുള്ള കാലഘട്ടം. ഈ കാലഘട്ടത്തിലാണ് ബ്രിട്ടീഷ് സ്വാധീനം മലബാറിലെ സാമൂഹിക സാംസ്‌കാരിക ജീവിതത്തില്‍ കൂടുതല്‍ പ്രകടമാകാന്‍ തുടങ്ങിയത്.

മലബാറില്‍ ബ്രിട്ടീഷുകാര്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം സ്ഥാപിച്ചതിനെ തുടര്‍ന്ന് പില്‍ക്കാലത്ത് നമ്മുടെ മലബാറിന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തില്‍ പാശ്ചാത്യ ഘടകങ്ങള്‍ അഥവാ കൊളോണിയല്‍ ആധുനികതയുടെ പ്രതീകങ്ങള്‍ കടന്നു വരാന്‍ തുടങ്ങി.

കോളനികള്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷ്‌കാര്‍ തങ്ങളുടെ ജീവിതശൈലിയെ കോളനികളിലേക്ക് കൊണ്ടുവരികയും അത് കോളനിവാസികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

മലബാറിലെ ബ്രിട്ടീഷ് ഭരണം മലബാറിലെ പരമ്പരാഗത സമൂഹത്തെ ആധുനികവത്കരിക്കുന്നതില്‍ നിർണായക പങ്ക് വഹിച്ചു. ആധുനികവത്കരണത്തിന്റെ ഫലമായിട്ടാണ് മലബാറില്‍ പൊതു ഇടങ്ങള്‍ കളിക്കളങ്ങളുടെ രൂപത്തിലും സിനിമാശാലകളുടെ രൂപത്തിലും സ്‌കൂളുകളുടേയും കോളജുകളുടേയും ക്ലബുകളുടേയും മാതൃകയില്‍ രൂപം കൊണ്ടത്. മലബാറിന്റെ സാംസ്‌കാരിക മാറ്റത്തിലെ നേര്‍രേഖകളാണ് കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്‌സില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

ബ്രിട്ടീഷ് മലബാറിലെ ക്ലബുകള്‍ തങ്ങളുടെ മാതൃരാജ്യത്തോടുള്ള സ്മരണയില്‍ ഇംഗ്ലീഷുകാര്‍ അവരുടെ ജീവിതമാണ് കോളനികളില്‍ പറിച്ചു നട്ടത്. അതിന്റെ ഭാഗമായിരുന്നു ക്ലബുകളുടെ സ്ഥാപനം. 1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു മുമ്പ് തന്നെ ഇന്ത്യയിലെ ബ്രിട്ടീഷ് നഗരങ്ങളില്‍ ക്ലബുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു.

കോഴിക്കോട്ടെ ബ്രിട്ടീഷുകാര്‍ 1890 ല്‍ ബീച്ച് ഹോട്ടല്‍ സ്ഥാപിച്ചു. ഈ ഹോട്ടലില്‍ ഇംഗ്ലീഷുകാര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. ഈ ഹോട്ടലിനെ കേന്ദ്രീകരിച്ചു കൊണ്ട് മലബാര്‍ ക്ലബും ആരംഭിച്ചു. ബ്രിട്ടീഷുകാരെ അനുകരിക്കാനും ബ്രിട്ടീഷ് മാതൃകയിലുള്ള ജീവിതശൈലി സ്വീകരിക്കാനും താത്പര്യം കാണിച്ചിരുന്ന കോഴിക്കോട്ടെ സമ്പന്ന വർഗം 1900 ത്തില്‍ കോസ്മോ പൊളിറ്റിയന്‍സ് ക്ലബ് സ്ഥാപിച്ചു. കോഴിക്കോട് എന്നു പറയുന്ന ബ്രിട്ടീഷ് നഗരത്തിലെ സമ്പന്നരുടെ ഒരു കേന്ദ്രമായിരുന്നു ഈ ക്ലബ്ബ്.

കോസ്‌മോ പൊളിറ്റിയന്‍ ക്ലബിനെ കുറിച്ചുള്ള ആധികാരിക രേഖകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ റീജിയണല്‍ ആര്‍ക്കൈവ്‌സില്‍ ലഭ്യമാണ്. കോഴിക്കോട് നഗരത്തിന്റെ സമ്പന്നര്‍ ഇടപഴകിയിരുന്ന ഒരു മതേതര ഇടമായിരുന്നു കോസ്മോ പൊളിറ്റിയന്‍ ക്ലബ്.

കോഴിക്കോട്ടെ മലബാറിലെ പ്രധാന സാമൂഹിക പരിഷ്‌കര്‍ത്താക്കളിലൊരാളായിരുന്നു മിതവാദി പത്രത്തിന്റെ പത്രാധിപര്‍ സി കൃഷ്ണന്‍. സി കൃഷ്ണന്‍ അദ്ദേഹത്തിന്റെ പിതാവ് പാറന്റെ സ്മരണക്കായിട്ട് കോഴിക്കോട്ട് പാറന്‍ ഹാള്‍ സ്ഥാപിച്ചിരുന്നു. പാറന്‍ ഹാളില്‍ മിതവാദി സി കൃഷ്ണനാണ് 1912 ല്‍ എസ് എന്‍ ഡി പി ക്ലബ്ബ് ആരംഭിച്ചത്. കോഴിക്കോട്ടെ തീയ്യ സമുദായത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായിട്ടുള്ള ഒരു ക്ലബായിരുന്നു എസ് എന്‍ ഡി പി ക്ലബ്.
പാറന്‍ ഹാളിലായിരുന്നു കോഴിക്കോട്ടെ മറ്റൊരു ക്ലബായ ലേഡീസ് ക്ലബ് ആരംഭിച്ചത്.

ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് ശേഷം 1913 ഒക്ടോബര്‍ മാസത്തില്‍ ശ്രീനാരായണഗുരു വീണ്ടും കോഴിക്കോട് സന്ദര്‍ശിക്കുകയുണ്ടായി. ശ്രീനാരായാണഗുരു കോഴിക്കോട്ടെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന സന്ദര്‍ശന സ്ഥലം എസ് എന്‍ ഡി പി ക്ലബായിരുന്നു.
ചുരുക്കത്തില്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ഒരു പ്രബല സാമ്പത്തിക ശക്തിയായി ഉയര്‍ന്നു വന്ന തീയ്യ സമുദായം ബ്രിട്ടീഷുകാരുടെ സാംസ്‌കാരിക രൂപങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയുണ്ടായി. ഇത്തരം സാംസ്‌കാരിക രൂപങ്ങളില്‍ ഒന്നായിരുന്നു പൊതു ഇടമായ ക്ലബ്. ഈ പൊതുഇടമായ ക്ലബിനോട് പോലും അനുകൂലമായ നിലപാടാണ് ശ്രീനാരായണഗുരുവും സ്വീകരിച്ചത്.

കോഴിക്കോട്ടെ ക്ലബിനു പുറമേ തലശ്ശേരിയിലുണ്ടായിരുന്ന മറ്റൊരു ക്ലബായിരുന്നു മുസ്്ലിം ക്ലബ്. പേരില്‍ മുസ്്ലിം എന്ന് ഉണ്ടായിരുന്നുവെങ്കിലും വിവിധ ജാതിയിലും മതത്തിലും പെട്ടവര്‍ നിർലോഭം ഇടപഴകിയിരുന്ന ഒരു സെക്യുലര്‍ മതേതര ഇടമായിരുന്നു തലശ്ശേരിയിലെ മുസ്്ലിം ക്ലബ്.

സമ്പന്നരായ കച്ചവടക്കാരും മധ്യവർഗത്തിന്റെ പ്രതിനിധികളായ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും അധ്യാപകരും ഉള്‍പ്പെട്ട പ്രാദേശിക വരേണ്യവർഗമായിരുന്നു ഈ ക്ലബിലെ പ്രധാന അംഗങ്ങള്‍. മലപ്പുറത്തെ പ്രശസ്തമായ ഇംഗ്ലീഷ് ക്ലബായിരുന്നു ഫിഷര്‍ ക്ലബ്.

ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലുടനീളം പുതിയ നഗരകേന്ദ്രങ്ങളുയര്‍ന്നു വന്നു. ഈ നഗരകേന്ദ്രങ്ങളിലെ പ്രധാന പ്രത്യേകത വ്യാപാരവർഗത്തിന്റെയും മധ്യവർഗത്തിന്റെയും സാന്നിധ്യമായിരുന്നു. ഇവരുടെ അഭിരുചികള്‍ക്കനുസരിച്ചുകൊണ്ട് അവരുടെ വിശ്രമസമയം അഥവാ അവരുടെ ലിഷര്‍ ടൈം ഉപയോഗിക്കാനുള്ള പൊതു ഇടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ക്ലബുകള്‍. ക്ലബുകളുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം കോഴിക്കോടായിരുന്നു. മലബാറില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ കാര്‍ക്കശ്യത്തെ തകര്‍ക്കാനും വിവിധ ജാതിയിലും മതത്തിലും പെട്ട ആളുകള്‍ക്ക് നിർലോഭമായി ഇടപഴകാവുന്ന മതേതര പൊതു ഇടം സൃഷ്ടിക്കുന്നതിലും ക്ലബുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

കണ്ണൂരിന്റെ ചരിത്രത്തിലേക്ക് ഒരു ആര്‍ക്കൈവ്സ് രേഖ

85 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സര്‍ക്കസ് നോട്ടീസ് കണ്ണൂരിന്റെ സര്‍ക്കസ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. 1938 ഫെബ്രുവരി രണ്ട് ബുധനാഴ്ച രാത്രി 9.30 ന് കണ്ണൂര്‍ മുന്‍സിഫ് കോടതി മൈതാനിയില്‍ കാര്‍ളീക്കര്‍ ഗ്രാന്റ്സര്‍ക്കസ് ആരംഭിക്കുന്നതിന്റെ നോട്ടീസാണ് ശ്രദ്ധേയമാകുന്നത്.

കോഴിക്കോട്ടെ റീജിയണല്‍ ആര്‍ക്കൈവ്സിലെ കാര്‍ളീക്കാര്‍ ഗ്രാന്റ് സര്‍ക്കസ് നോട്ടീസ് (1938 സീരിയല്‍ നമ്പര്‍ 8680) എന്ന രേഖ.

കാര്‍ളീക്കര്‍ ഗ്രാന്റ് സര്‍ക്കസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് ചിറക്കല്‍ രാമവർമ വലിയ രാജാവ് അവര്‍കളും അറക്കല്‍ സുല്‍ത്താന്‍ അബ്ദുർറഹിമാന്‍ ആലി രാജാവ് അവര്‍കളുമാണെന്ന് നോട്ടീസില്‍ പറയുന്നു. കൂടാതെ കാര്‍ളീക്കാര്‍ സര്‍ക്കസിന്റെ പ്രകാശനം എന്ന പ്രധാന ആകര്‍ഷണങ്ങളും സവിശേഷതകളും നോട്ടീസില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ബ്രിട്ടീഷ് ഭരണത്തിന്റെ സ്ഥാപനത്തോട് കൂടി പരമ്പരാഗത വിനോദങ്ങളുടെ സ്ഥാനത്ത് ആധുനിക വിനോദങ്ങളായ സര്‍ക്കസ്, കൊളോണിയല്‍ മലബാറില്‍ പ്രചരിക്കാന്‍ തുടങ്ങിയതിന്റെ രേഖാചിത്രമാണ് ഈ നോട്ടീസ്. ജാതി മത വർഗ ലിംഗ ഭേദമെന്നീ കൊളോണിയല്‍ മലബാറില്‍ പൊതുമണ്ഡലങ്ങള്‍ രൂപം കൊള്ളുന്നതിന്റെ ചിത്രവും ഈ നോട്ടീസ് നല്‍കുന്നു. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ റീജിയണല്‍ ആര്‍ക്കൈവ്സ് രേഖകളില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ കോഴിക്കോടിന്റെ സാംസ്‌കാരിക ജീവിതത്തെ കുറിച്ചുള്ള ശ്രദ്ധേയമായ പരമാര്‍ശങ്ങള്‍ കാണുന്നു.

കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്സിലെ റവന്യൂ ആര്‍ ഡിസ് ഫയലിലെ ബണ്ടില്‍ നമ്പര്‍ 78 സീരിയല്‍ നമ്പര്‍ 26 വര്‍ഷം 1909 ലേതാണ് ഈ രേഖ. കോഴിക്കോട്ടെ ബാസല്‍ മിഷന്‍ നെയ്ത്ത് ഫാക്ടറിയുടെ മാനേജര്‍ എഫ് വോളസ് കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റിനും കലക്ടര്‍ക്കും അയച്ച പരാതിയിലാണ് കോഴിക്കോട്ടിന്റെ സാംസ്‌കാരിക ജീവിതത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്.

പരാതിയുടെ സംഗ്രഹം ഇങ്ങനെയാണ്:
രാത്രി മുഴുവന്‍ കോഴിക്കോട്ടെ ടൗണ്‍ ഹാളുകളില്‍ വിവിധ ഗ്രൂപ്പുകളുടെ കലാപരിപാടികള്‍ ഉണ്ടാകും. ഈ പരിപാടികള്‍ ചിലപ്പോള്‍ അർധരാത്രി മൂന്ന് മണി വരെ നീണ്ടു നില്‍ക്കുന്നു. ഈ പരിപാടികള്‍ ഉണ്ടാക്കുന്ന ശബ്ദവും അതില്‍ നിന്നുണ്ടാകുന്ന ജനങ്ങളുടെ ആര്‍പ്പുവിളികളും ആരവങ്ങളും സമീപവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകളും വിഷമതകളും സൃഷ്ടിക്കുന്നു. ഇത് സമീപവാസികളുടെ രാത്രിയുള്ള സുഖകരമായ ഉറക്കം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നു. അതുകൊണ്ട് രാത്രി പത്ത് മണിക്ക് ശേഷം ടൗണ്‍ ഹാളില്‍ പരിപാടികള്‍ നടത്താന്‍ അനുവാദം കൊടുക്കരുതെന്ന് വിനീതമായി അഭ്യർഥിക്കുന്നു. കൂടാതെ മാനാഞ്ചിറ മൈതാനത്ത് സര്‍ക്കസിനോ മറ്റ് ഗ്രൂപ്പുകള്‍ക്കോ പത്ത് മണിക്ക് ശേഷം ഷോ നടത്താന്‍ അനുവാദം കൊടുക്കരുതെന്നും അഭ്യർഥിക്കുന്നു. നിരവധി യൂറോപ്യന്‍ കുടുംബങ്ങളുടെ വാസസ്ഥലത്തിന് സമീപത്താണ് മാനാഞ്ചിറ.

ടൗണ്‍ഹാളിലെ കലാപരിപാടികള്‍ ഉണ്ടാക്കുന്ന ശബ്ദവും മാനാഞ്ചിറയിലെ സര്‍ക്കസും മറ്റു പല ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങളും യൂറോപ്യന്‍ നിവാസികളുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും അത് കൊണ്ട് ജില്ലാ കലക്ടര്‍ ഇടപെട്ട് ഒരു തീരുമാനം ഉണ്ടാക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം.

കൊളോണിയല്‍ മലബാറില്‍ ബ്രിട്ടീഷ് ഭരണകാലത്ത് ടൗണ്‍ ഹാള്‍, മാനാഞ്ചിറ പോലുള്ള പൊതു ഇടങ്ങള്‍ രൂപം കൊണ്ടതിന്റെയും ആ പൊതു ഇടങ്ങളില്‍ ജാതി മത ഭേദമന്യേ ആളുകള്‍ ചെന്ന് പുതിയ വിനോദമാർഗങ്ങള്‍ ആസ്വദിക്കുന്നതിന്റെയും ചിത്രമാണ് ഈ പരാതിയിലൂടെ വെളിവാക്കപ്പെടുന്നത്. ആത്യന്തികമായി ബ്രിട്ടീഷ്ഭരണകൂടത്തിന്റെ ലക്ഷ്യം കോളനികളിലെ വിഭവചൂഷണമായിരുന്നു. പക്ഷേ, ബ്രിട്ടീഷ് ഭരണകൂടത്തോടൊപ്പം കോളനികളിലേക്ക് പ്രവേശിച്ച ആധുനികതയുടെ ഘടകങ്ങള്‍ പരമ്പരാഗത സാമൂഹിക വ്യവസ്ഥയെ ആധുനികവത്കരിക്കുന്നതില്‍ നിർണായകമായ പങ്ക് വഹിച്ചു. ബ്രിട്ടീഷ് ഭരണകൂടം മലബാറിലെ സാമൂഹിക വ്യവസ്ഥയില്‍ സാംസ്‌കാരിക ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ നേര്‍രേഖകളാണ് കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്‌സിലെ രേഖകള്‍. അതിലെ ഏതാനും രേഖകള്‍ മാത്രമാണ് മേല്‍ ഉദ്ധരിക്കപ്പെട്ടത്.

Latest