Kerala
മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനം നീട്ടി; കോടിയേരിയെ സന്ദർശിക്കാൻ നാളെ അപ്പോളോ ആശുപത്രിയിലേക്ക്
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സ്പീക്കർ എ.എൻ.ഷംസീറും കോടിയേരിയെ ആശുപത്രിയിൽ സന്ദർശിക്കും.
തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്ര നീട്ടി. ശനിയാഴ്ച രണ്ടാഴ്ചത്തെ യൂറോപ്യൻ സന്ദർശത്തിനായി പുറപ്പെടാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി, ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സ്പീക്കർ എ.എൻ.ഷംസീറും കോടിയേരിയെ ആശുപത്രിയിൽ സന്ദർശിക്കും.
ഒക്ടോബർ 2 മുതൽ 12 വരെ ഫിന്‍ലന്‍ഡ്, നോര്‍വേ, യുകെ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്താനാണു മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, മന്ത്രി വി. ശിവൻകുട്ടി എന്നിവരടങ്ങുന്നതായിരുന്നു സംഘം. ആദ്യം ഫിൻലാൻഡിലെത്തുമെന്നും അവിടുത്തെ വിദ്യാഭ്യാസ മാതൃക പഠിക്കലാണ് യാത്രയുടെ ലക്ഷ്യമെന്നും അറിയിച്ചിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ യുറോപ്യൻ സന്ദർശനം നീട്ടിയതെന്ന് സൂചനയുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 29നായിരുന്നു കോടിയേരിയെ അപ്പോളോയിൽ പ്രവേശിപ്പിച്ചത്.