Kerala
മുഖ്യമന്ത്രിയുടെ ഗണ്‍മാന് ക്ലീന്‍ ചിറ്റ്; യൂത്ത് കോണ്‍ഗ്രസ്സ് കോടതിയിലേക്ക്
പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സംഭവം നിയമവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
തിരുവനന്തപുരം | മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചവരെ മര്‍ദിച്ച ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും ക്ലീന്‍ചിറ്റ് നല്‍കിയ ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് കോടതിയിലേക്ക്. കേസിലെ ഒന്നാം പ്രതി ഗണ്‍മാന്‍ അനില്‍ കുമാര്‍, രണ്ടാം പ്രതി സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ക്കാണ് പ്രവര്‍ത്തകരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നു കാട്ടി ക്ലീന്‍ചിറ്റ് നല്‍കിയത്. ഡിസംബര്‍ 15 ന് നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്സുകാരാണ് പോലീസ് മര്‍ദനത്തിന് ഇരയായത്. ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കി.
മാധ്യമങ്ങളോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലഭിച്ചില്ലെന്നാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് നല്‍കിയ റിപോര്‍ട്ടില്‍ പ്രധാനമായി പറയുന്നത്. ലഭിച്ച ദൃശ്യങ്ങളിലാണെങ്കില്‍ മര്‍ദിക്കുന്ന ഭാഗമില്ലെന്നും റിപോര്‍ട്ടിലുണ്ട്.
എന്നാല്‍, മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഇമെയില്‍ മുഖേന അയച്ചിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് വ്യക്തമാക്കിയത്. പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സംഭവം നിയമവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പോലീസില്‍ ഒരു വിഭാഗം സി പി എമ്മിന്റെ അടിമക്കൂട്ടമായി അധഃപതിച്ചിരിക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് അന്വേഷണം അട്ടിമറിച്ചത്. തെളിവില്ലെന്ന് റിപോര്‍ട്ട് നല്‍കിയ പോലീസുകാര്‍ സര്‍വീസില്‍ തുടരാന്‍ യോഗ്യരല്ല. അക്രമം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം നിയമപരമായി മുന്നോട്ടു പോകുമെന്നും വി ഡി സതീശന്‍ അറിയിച്ചു.