Kerala
പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി; കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍
എന്നാല്‍ രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങള്‍ മൂലം കേരള പോലീസിനെ നല്ല രീതിയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍
തിരുവനന്തപുരം | തനിക്കെതിരായ എസ്എഫ്‌ഐ പ്രതിഷേധത്തില്‍ വിമര്‍ശം തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയായിരുന്നു ആ വഴി പോയിരുന്നതെങ്കില്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാവുമോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. നൂറോളം പോലീസുകാര്‍ ഇന്ന് കൊല്ലത്ത് ഉണ്ടായിരുന്നു. എന്നിട്ടാണ് 22 പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. രാജ്യത്തെ ഏറ്റവും നല്ല സേനയാണ് കേരള പോലീസ്. എന്നാല്‍ രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങള്‍ മൂലം കേരള പോലീസിനെ നല്ല രീതിയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സേനയുടെ സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും പ്രതിഷേധക്കാരെ കൂലിക്കെടുത്തതാണെന്നും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു.
എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചപ്പോള്‍ ഗവര്‍ണര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ പോലീസ് എഫ് ഐ ആര്‍ ഇട്ട ശേഷമാണ് ഗവര്‍ണറുടെ കുത്തിയിരിപ്പ് സമരം അവസാനിച്ചത്.