Kerala
കെ പി എ സി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം | നടി കെ പി എ സി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് നഷ്ടമായിരിക്കുന്നതെന്ന് പിണറായി ഫേസ് ബുക്കില്‍ കുറിച്ചു. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവര്‍ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളില്‍ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയ ജീവിതം.
സാമൂഹിക പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ മനുഷ്യ മനസ്സുകളില്‍ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോര്‍ത്തു നിന്ന കെ പി എസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പിണറായി കുറിച്ചു.
രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, മധുപാല്‍, സംവിധായകന്‍ സിബി മലയില്‍ തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ മറ്റ് നിരവധി പ്രമുഖരും നടിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. ചൊവ്വാഴ്ച മകന്റെ ഫ്ളാറ്റില്‍ വച്ചായിരുന്നു കെ പി എ സി ലളിതയുടെ അന്ത്യം. ഏറെ നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.