Connect with us

tvm lulumall innaguration

തലസ്ഥാനത്തെ ലുലു ഷോപ്പിംഗ് മാള്‍ മുഖ്യമന്ത്രി തുറന്നുകൊടുത്തു

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കും

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ തിരുവനന്തപുരം ലുലു മാള്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ആക്കുളത്തുള്ള മാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കും. 1971ലെ ഇന്ത്യ-പാക് യുദ്ധ വിജയവും ധീര സൈനികരെയും സ്മരിച്ച് ഒരു നിമിഷത്തെ മൗനാചരണത്തോടെയാണ് മാളിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അധ്യക്ഷത വഹിച്ചു.

ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍, എം പിമാരായ ശശി തരൂര്‍, ജോസ് കെ മാണി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സിനിമാ താരം മമ്മൂട്ടി, ഐ എ എസ്-ഐ പി എസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രിമാരായ രമേശ് ചെന്നിത്തല, കടകംപളളി സുരേന്ദ്രന്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ യു എ ഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയ്ദി മുഖ്യാതിഥിയും, ഇന്ത്യയിലെ യു എ ഇ അംബാസഡര്‍ ഡോ. അഹമ്മദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബന്ന പ്രത്യേക ക്ഷണിതാവുമായിരുന്നു. പ്രസംഗത്തിനിടെ വികസന പദ്ധതികള്‍ക്ക് തടസ്സം നില്‍ക്കുന്ന ദ്രോഹ മനഃസ്ഥിതിയുള്ള ആളുകളെ വിമര്‍ശിച്ച മുഖ്യമന്ത്രി വികസനത്തിനായി കേരളത്തിന് വേണ്ടി തന്റെ പരമാവധി ശേഷി വിനിയോഗിക്കുന്ന വ്യവസായിയാണ് എം എ യൂസഫലിയെന്നും ഇത് നാട് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാനത്ത് മഹാവിസ്മയം തീര്‍ത്ത ലുലു ഗ്രൂപ്പിനെ അഭിനന്ദിച്ച വി ഡി സതീശന്‍ കേരളത്തെ സ്നേഹിക്കുന്ന വ്യവസായിയാണ് യൂസഫലിയെന്ന് പറഞ്ഞു. കേരളത്തിലെ മറ്റൊരു സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എം എ യൂസഫലി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. ഇതിനായി എല്ലാവിധ പിന്തുണയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനാകും.

തിരുവനന്തപുരത്തെ ലുലു മാളില്‍ നേരിട്ടും അല്ലാതെയും പതിനായിരത്തിലധികം പേര്‍ക്കാണ് ജോലി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂസഫലിയുടേത് വിലമതിക്കാനാവാത്ത സേവനങ്ങളെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വ്യവസായ തൊഴില്‍ സംരംഭങ്ങളില്‍ ബിഗ് ബ്രാന്‍ഡായി യൂസഫലി തുടരട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു.

ലുലു മാള്‍ പരിസ്ഥിതി സൗഹൃദമായ നിര്‍മാണം ഉറപ്പുവരുത്തിയതിന് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ നല്‍കിയ ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ ലുലു ഗ്രൂപ്പിന് കൈമാറി. കൗണ്‍സില്‍ ചെയര്‍മാന്‍ വി സുരേഷ് ആണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ചടങ്ങിന് ശേഷം മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും മാളിലെ സൗകര്യങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കി.

രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ തലസ്ഥാനത്തെ ലുലു മാള്‍. രണ്ടായിരംകോടി രൂപ നിക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പണി കഴിപ്പിച്ചത്. രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം. ഇതോടൊപ്പം 200ല്‍ പരം രാജ്യാന്തര ബ്രാന്‍ഡുകളും ഖാദി ഉത്പന്നങ്ങളും ലുലു മാളിലെ ഷോപ്പുകളിലുണ്ട്. ഒരേ സമയം 2,500പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഫുഡ് കോര്‍ട്ട് മാളിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. കുട്ടികള്‍ക്കായി ഫണ്‍ട്യൂറ എന്ന ഏറ്റവും വലിയ എന്റര്‍ടെയിന്മെന്റ് സെന്ററും മാളിലുണ്ട്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 3,500 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയട്ടുണ്ട്.

Latest