Connect with us

Kerala

സംഘ്പരിവാര്‍ കൊന്ന ഇഹ്സാന്‍ ജാഫ്രി എം പിയെ ഓര്‍മ ദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി

സംഘ്പരിവാര്‍ എന്നും പയറ്റിയത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയം

Published

|

Last Updated

തിരുവനന്തപുരം | ഗുജറാത്തില്‍ സംഘ്പരിവാര്‍ നിഷ്ഠുരം കൊലപ്പെടുത്തിയ കോണ്‍ഗ്രസ്സ് എം പി ഇഹ്സാന്‍ ജാഫ്രിയെ അദ്ദേഹത്തിന്റെ ഓര്‍മ ദിനത്തില്‍ ഓര്‍ത്തെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘ്പരിവാര്‍ എന്നും പയറ്റിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 2002ല്‍ ഗുജറാത്തില്‍ സംഭവിച്ചതും അതുതന്നെയായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സംഘപരിവാര്‍ നടത്തിയ തീവെപ്പില്‍ മുന്‍ കോണ്‍ഗ്രസ്സ് എം പിയായ ജഫ്രിയുള്‍പ്പെടെ 69 പേരാണ് വെന്തുമരിച്ചത്. 2002 ഫെബ്രുവരി 28ന് കലാപകാരികള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കൈയേറി ആക്രമിച്ചപ്പോഴാണ് ഇഹ്സാന്‍ ജഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികള്‍ അഭയം തേടിയെത്തിയത്. സഹായത്തിനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും അവര്‍ ചെറുവിരലനക്കിയില്ല. വംശഹത്യാക്കാലത്ത് ഗുജറാത്തിലരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് പിന്നീട് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കണ്ടത്. വംശഹത്യക്കു നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഇഹ്സാന്‍ ജഫ്രിയുടെ ജീവിത പങ്കാളി സാകിയ ജാഫ്രി നടത്തിയ നിയമപോരാട്ടം സമാനതകളില്ലാത്തതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇഹ്സാന്‍ ജഫ്രിയുടെ ഓര്‍മ ദിനത്തില്‍ ഇരുവരുടെയും പോരാട്ടവീര്യത്തിന് മുന്നില്‍ സ്മരണാഞ്ജലികളര്‍പ്പിക്കുന്നുവെന്ന വാക്കുകളോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

 

Latest