Kerala
സി എം വലിയുല്ലാഹി അനുസ്മരണവും ഹള്റ ആത്മീയ സംഗമവും നാളെ ജാമിഉല്‍ ഫുതൂഹില്‍
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും

നോളജ് സിറ്റി | മടവൂര്‍ സി എം വലിയുല്ലാഹി അനുസ്മരണവും മാസാന്ത ഹള്റ ആത്മീയ സംഗമവും നാളെ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കും. മഗ്‌രിബ് നിസ്‌കാരനന്തരം നടക്കുന്ന സംഗമത്തിന് കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തും.
അസര്‍ നിസ്‌കാരനന്തരം ശാദുലി ജല്‍സയും തുടര്‍ന്ന് ഹള്റയും അനുസ്മരണവും നടക്കും. വിഖ്യാത ആത്മീയ സരണിയായ ഖാദിരിയ്യാ ത്വരീഖത്തിലെ ദിക്റുകളും ബൈത്തുകളും ക്രോഡീകരിച്ച ഖാദിരിയ്യ വിര്‍ദുകളാണ് ഹള്റയില്‍ പാരായണം ചെയ്യുക. മജ്ലിസിന് സയ്യിദ് ശാഫി ബാഅലവി, സി പി ശാഫി സഖാഫി നേതൃത്വം നല്‍കും. പ്രത്യേകം സജ്ജമാക്കിയ മുസ്വല്ലല്‍ മുഅ്മിനാത്തില്‍ സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
മജ്ലിസില്‍ വിര്‍ദുല്ലത്വീഫും ഹദ്ദാദ് റാത്തീബ് പാരായണവും തബറുക് വിതരണവും നടക്കും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, അലിക്കുഞ്ഞി മുസ്ലിയാര്‍, ഹാഫിസ് ശമീര്‍ അസ്ഹരി, ഹംസ മുസ്ലിയാര്‍, മുഹിയുദ്ദീന്‍ ബുഖാരി, സജീര്‍ ബുഖാരി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ സംബന്ധിക്കും. രോഗശമനം കൊണ്ട് ജനശ്രദ്ധ നേടിയ ഹള്റയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.