Kerala
സി എം ആര്‍ എല്‍ എക്‌സാലോജിക് ഇടപാട്; എസ് എഫ് ഐ ഒ നടപടികള്‍ക്ക് തത്കാലം സ്റ്റേ ഇല്ല
ഹരജി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബഞ്ചിനു വിട്ടു. ഈമാസം 21ന് പരിഗണിക്കും.

ന്യൂഡല്‍ഹി | സി എം ആര്‍ എല്‍ എക്‌സാലോജിക് ഇടപാടില്‍ എസ് എഫ് ഐ ഒ നടപടികള്‍ക്ക് തത്കാലം സ്റ്റേ ഇല്ല. എസ് എഫ് ഐ ഒ തുടര്‍ നടപടികള്‍ തടയണമെന്ന സി എം ആല്‍ എലിന്റെ ഹരജിയില്‍ തീരുമാനമായില്ല. ഹരജി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബഞ്ചിനു വിട്ടു. ഈമാസം 21ന് പരിഗണിക്കും. ഇന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് ഗിരീഷ് കത്ത്‌വാലിയുടെ ബഞ്ചിന്റേതാണ് നടപടി.
കേസില്‍ കോടതിയുടെ വാക്കാലുള്ള ഉറപ്പ് ലംഘിക്കപ്പെട്ടുവെന്ന് സി എം ആര്‍ എല്‍ ആരോപിച്ചു. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബഞ്ചാണ് ഉറപ്പ് നല്‍കിയിരുന്നത്. ഹരജി തീര്‍പ്പാക്കും വരെ കുറ്റപത്രം സമര്‍പ്പിക്കില്ലെന്ന് എസ് എഫ് ഐ ഒ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് സി എം ആര്‍ എലിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍, വാക്കാലുള്ള ഉറപ്പ് ജുഡീഷ്യല്‍ റെക്കോര്‍ഡില്‍ ഇല്ലെന്ന് ജസ്റ്റിസ് ഗിരീഷ് കത്ത്‌വാലി പറഞ്ഞു.
വാക്കാലുള്ള ഉറപ്പിനെ കുറിച്ച് കേട്ടിട്ടില്ലെന്നും അങ്ങനെയൊരു കാര്യത്തെ പറ്റി അറിയില്ലെന്നും കേന്ദ്ര സര്‍ക്കാരിനും എസ് എഫ് ഐ ഒക്കും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു.