Kerala
സി എം ആര്‍ എല്‍ മാസപ്പടി; അന്വേഷണം യു ഡി എഫ് നേതാക്കളിലേക്കും
സി എം ആര്‍ എല്‍ മാസപ്പടി ഡയറിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടവരുടെ ഇടപാടുകളാകും ഇ ഡി പരിശോധിക്കുക

തിരുവനന്തപുരം | സി എം ആര്‍ എല്‍ മാസപ്പടി കേസ് അന്വേഷണം, കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയ യു ഡി എഫ് നേതാക്കളിലേക്കും. സി എം ആര്‍ എല്‍ മാസപ്പടി ഡയറിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടവരുടെ ഇടപാടുകളാകും ഇ ഡി പരിശോധിക്കുക. വീണാ വിജയന് പുറമെ കേസില്‍ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളില്‍ വിപുലമായ അന്വേഷണത്തിനാണ് ഇ ഡി നീക്കം ആരംഭിച്ചത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, ലീഗ് നേതാവ് ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരുടെ പേരുകളുടേതെന്നു കരുതുന്ന ചുരുക്കപ്പേരുകള്‍ ഡയറിയില്‍ ഉണ്ടായിരുന്നു. പി വി എന്ന ചുരുക്കപ്പേര് തന്റേതല്ല എന്നു മുഖ്യമന്ത്രിപിണറായി വിജയന്‍ നിഷേധിച്ചു. മറ്റു നേതാക്കള്‍ പാര്‍ട്ടി ഫണ്ടിലേക്ക് പണം കൈപ്പറ്റിയെങ്കില്‍, പാര്‍ട്ടി ഫണ്ട് രേഖകളില്‍ ഈ പണം വരവുവച്ചിട്ടുണ്ടോ എന്നും കൈപ്പറ്റിയത് കള്ളപ്പണമാണോ എന്നുമെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരും. ബാങ്ക് വഴിയല്ല പണം കൈപ്പറ്റിയത് എന്നതിനാല്‍ ഇടപാടുകളില്‍ ദുരൂഹത ഉണ്ടെന്നാണ് ഇ ഡിയുടെ പ്രാഥമിക നിഗമനം. ഇ ഡി കൊച്ചി ഓഫീസിലെ യൂണിറ്റ് നാല് ആണ് കേസ് അന്വേഷിക്കുക. ഡെപ്യൂട്ടി ഡയറക്ടര്‍ സിനി നേതൃത്വം നല്‍കും.
എസ് എഫ് ഐഒയില്‍ നിന്ന് ഇ ഡി കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചാലുടന്‍ തുടര്‍ നടപടികളിലേക്ക് പോകും. സമന്‍സ് അയച്ച് ജീവിച്ചിരിക്കുന്ന നേതാക്കളെ ഓരോരുത്തരെയായി വിളിപ്പിക്കാനാണ് തീരുമാനം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ ഡി നടപടികള്‍ പുനരാരംഭിക്കുന്നത്.
കേസില്‍ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിരുന്നു. എസ് എഫ്ഐ ഒ രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കും.