National
രാജ്യത്ത് സിഎന്‍ജി വിലയും കുതിക്കുന്നു
സിഎന്‍ജി കാറുകളുടെ വില്‍പ്പനയില്‍ വലിയ മുന്നേറ്റമുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ സിഎന്‍ജി വിലയിലും വര്‍ധനവുണ്ടാകുന്നത്.
ന്യൂഡല്‍ഹി| രാജ്യത്ത് പെട്രോളും ഡീസലും വിലവര്‍ധനയില്‍ മത്സരിക്കുമ്പോള്‍ സിഎന്‍ജിയും ഒട്ടും മോശമല്ല എന്ന് തെളിയിക്കുകയാണിപ്പോള്‍. സിഎന്‍ജിക്ക് വില കിലോയ്ക്ക് 61.50 രൂപയായാണ് വര്‍ധിച്ചത്. ഈ വര്‍ഷം ആരംഭിക്കുമ്പോള്‍ 47.90 രൂപയായിരുന്നു സിഎന്‍ജിയുടെ വില. പ്രകൃതിവാതകത്തിന്റെ വില ആഗോളതലത്തില്‍ തന്നെ വര്‍ധിച്ചതാണ് വില കൂടാനുള്ള കാരണമായി രാജ്യത്തെ പ്രമുഖ സിഎന്‍ജി വിതരണക്കാരായ ദി മഹാനാഗര്‍ ഗ്യാസ് ലിമിറ്റഡ് (എംജിഎല്‍) പറയുന്നത്. നവംബര്‍ 26 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് സിഎന്‍ജിയുടെ വിലകൂട്ടുന്നത്. ഈ വര്‍ഷം നാലാം തവണയും. ഏറ്റവും ഒടുവില്‍ വിലകൂട്ടിയപ്പോള്‍ 7 ശതമാനമാണ് വില കൂടിയത്. 57.54 രൂപയില്‍ നിന്നാണ് 61.50 രൂപയിലെത്തിയത്. ഈ വര്‍ഷം മാത്രം 28 ശതമാനമാണ് സിഎന്‍ജി വിലയില്‍ വര്‍ധനവുണ്ടായത്.
സിഎന്‍ജി കാറുകളുടെ വില്‍പ്പനയില്‍ വലിയ മുന്നേറ്റമുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ സിഎന്‍ജി വിലയിലും വര്‍ധനവുണ്ടാകുന്നത്. 66 ശതമാനമാണ് സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പനയില്‍ ഈ വര്‍ഷം മാത്രം വര്‍ധനവുണ്ടായത്. 1,01,412 സിഎന്‍ജി വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം സെപ്തംബര്‍ വരെ നിരത്തിലിറങ്ങിയത്.