Kerala
സഹകരണ ബേങ്ക് തിരഞ്ഞെടുപ്പ്; കൊടുമണ്ണില്‍ സി പി എം- സി പി ഐ സംഘര്‍ഷം തുടരുന്നു
സി പി എം സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും എ പി ജയന്‍ പറഞ്ഞു
![](https://assets.sirajlive.com/2022/01/cpmcpi-1024x533.jpg)
പത്തനംതിട്ട | കൊടുമണ്‍ അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രദേശത്ത് സി പി എം-സി പി ഐ സംഘര്‍ഷം തുടരുന്നു. സി പി എം പ്രവര്‍ത്തകര്‍ ക്രമക്കേട് നടത്താന്‍ ശ്രരിച്ചതിനെ സി പി ഐ പ്രവര്‍ത്തകര്‍ എതിര്‍ത്തതാണ് അക്രമങ്ങള്‍ക്ക് കാരണമായതെന് സി പി ഐ ജില്ലാ സെക്രട്ടി എ പി ജയന്‍ ആരോപിച്ചു.
അടുത്ത സമയത്ത് അങ്ങാടിക്കല്‍ പ്രദേശത്ത് സി പി ഐ യുടെ 4 പുതിയ ബ്രാഞ്ച് കമ്മറ്റികള്‍ രൂപീകരിക്കുകയും സി പി എമ്മില്‍ നിന്നുള്‍പ്പെടെ നിരവധി ആളുകള്‍ പുതുതായി പാര്‍ട്ടിയിലേക്ക് വരികയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ സഹകരണ ബേങ്കില്‍ തിരഞ്ഞെടുപ്പ് ഉണ്ടായപ്പോള്‍ മുന്നണിയായി മത്സരിക്കാന്‍ സി പി ഐ ആലോചിച്ചെങ്കിലും അത് സാധ്യമാകാതെ വന്നതോടെ സ്വന്തം നിലയില്‍ മത്സരിക്കുകയാണുണ്ടായത്. തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിക്ക് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള എല്ലാ മുന്നേറ്റങ്ങളും സി പി ഐയുടെ കുടി പങ്കാളിത്തത്തോടെയാണ്. സി പി എം സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും എ പി ജയന്‍ പറഞ്ഞു. പോലീസ് ഇതുവരെ അക്രമികളെ പിടികൂടാന്‍ തയ്യാറായിട്ടില്ലയെന്നും പോലീസ് നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും എ പി ജയന്‍ പറഞ്ഞു. കഴിഞ്ഞ രാത്രി സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ച് തകര്‍ത്ത സഹദേവന്‍ ഉണ്ണിത്താന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എ പി ജയന്‍. അക്രമണത്തില്‍ തലക്ക് സാരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ജിതിന്റെ അടക്കം ആക്രമണത്തിനിരയായ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ എ പി .ജയന്‍ സന്ദര്‍ശനം നടത്തി.