Kerala
കെ റെയില്‍ കല്ലിട്ട ഭൂമിക്ക് സഹകരണ സംഘങ്ങള്‍ വായ്പ നിഷേധിക്കരുത്: മന്ത്രി വി എന്‍ വാസവന്‍
വിദ്യാര്‍ഥികളെ പുറത്താക്കി ജപ്തി നടത്തിയ മൂവാറ്റുപുഴ അര്‍ബന്‍ ബേങ്കിന്റെ നടപടിയെ കുറിച്ച് കേരള ബേങ്കിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി
തിരുവനന്തപുരം | കെ റെയില്‍ സര്‍വ്വേയുടെ ഭാഗമായി കല്ലിട്ട ഭൂമിക്ക് സഹകരണ സംഘങ്ങള്‍ വായ്പ നിഷേധിക്കരുതെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ . വായ്പ നല്‍കിയാലും ബേങ്കിന് നഷ്ടമുണ്ടാകില്ലെന്നും ഭൂമി ഏറ്റെടുത്താല്‍ ബേങ്കിനുളള ബാധ്യത കൂടി തീര്‍ത്ത ശേഷമായിരിക്കും നടപടികളെന്നും മന്ത്രി പറഞ്ഞു.
എറണാകുളത്ത് വിദ്യാര്‍ഥികളെ പുറത്താക്കി ജപ്തി നടത്തിയ മൂവാറ്റുപുഴ അര്‍ബന്‍ ബേങ്കിന്റെ നടപടിയെ കുറിച്ച് കേരള ബേങ്കിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി വിശദീകരിച്ചു. താമസിക്കാന്‍ ഇടമില്ലാതെ ആരെയും ജപ്തിയിലൂടെ ഇറക്കിവിടാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഗൃഹനാഥനായ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശി അജേഷ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മൂവാറ്റുപുഴ അര്‍ബന്‍ ബേങ്ക് ജപ്തി നടത്തിയത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ഡ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബേങ്ക് അനുവദിച്ചില്ല.