National
കല്‍ക്കരി അഴിമതിക്കേസ്; ബംഗാളില്‍ സിബിഐ റെയ്ഡ്
വിരമിച്ച സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ വസതിയിലും സ്ഥാപനങ്ങളിലുമാണ് പരിശോധന.
കൊല്‍ക്കത്ത| കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ സിബിഐയുടെ വ്യാപക പരിശോധന. വിരമിച്ച സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ വസതിയിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. കൊല്‍ക്കത്ത ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ കേന്ദ്ര അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം.
രണ്ട് മുന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന പുരോഗമിക്കുകയാണ്. കല്‍ക്കരി കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മാജി എന്ന ലാലയുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനിപൂര്‍, വെസ്റ്റ് ബര്‍ദ്വാന്‍ ജില്ലയിലെ ദുര്‍ഗാപൂര്‍, കുല്‍തി, മാള്‍ഡ തുടങ്ങിയ സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്.
കല്‍ക്കരി കള്ളക്കടത്ത് അഴിമതിയുമായി ബന്ധപ്പെട്ട് ഇസിഎല്‍ മുന്‍ ഡയറക്ടറെയും സെന്‍ട്രല്‍ സിഐഎസ്എഫിലെ മുന്‍ ഇന്‍സ്‌പെക്ടര്‍ ആനന്ദ് കുമാര്‍ സിംഗിനെയും ഈ വര്‍ഷം ആദ്യം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അഴിമതിയുടെ വിഹിതം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ലാലയുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.ഐ അറിയിച്ചു.