Editorial
ദുരന്തമുഖത്തെ കല്‍ക്കരി ഖനനം
കാര്‍ബണ്‍ ഡയോക്സൈഡ് സംഭരിക്കുന്നതിനേക്കാള്‍ മുപ്പത് മടങ്ങ് താപോര്‍ജം സംഭരിക്കാന്‍ കഴിവുണ്ട് അതേ അളവിലുള്ള മീഥെയ്ന്‍ വാതകത്തിന്. ഖനികളില്‍ ഈ വാതകം നിറഞ്ഞാല്‍ പുറത്തേക്ക് കടത്തിവിടാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുകയാണ് ഇതുമൂലമുള്ള അപകടങ്ങള്‍ കുറക്കാനുള്ള മാര്‍ഗം. പല ഖനികളിലും പക്ഷേ ഈ സംവിധാനം സജ്ജീകരിക്കാറില്ല.
അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നുമാണ് ഏറ്റവും ഒടുവിലത്തെ വിവരം. ദിമ ഹസാവോ ജില്ലയില്‍ മുന്നൂറ് അടിയോളം താഴ്ചയുള്ള കല്‍ക്കരി ഖനിയിലാണ്, പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ അപകടാവസ്ഥയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഖനിയില്‍ ഇറങ്ങിയ 15 തൊഴിലാളികളാണ് പുറത്തു വരാനാകാതെ ഖനിക്കുള്ളില്‍ അകപ്പെട്ടത്. ഒമ്പത് പേരെന്നാണ് ഔദ്യോഗിക കണക്ക്. സൈന്യവും അസം റൈഫിള്‍സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദക രാഷ്ട്രങ്ങളിലൊന്നായ ഇന്ത്യയില്‍ പലപ്പോഴായി സംഭവിച്ചിട്ടുണ്ട് കല്‍ക്കരി ഖനി അപകടങ്ങള്‍. മേഘാലയയില്‍ 2021 മെയില്‍ ദുരന്തമുണ്ടായി. മേഘാലയ ഈസ്റ്റ് ജയന്തിയാ ഹില്‍സിലെ ഖനിയിലാണ് അവിചാരിതമായി വെള്ളം കയറിയതിനെ തുടര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചത്. ഇതിന്റെ സമീപ പ്രദേശത്ത് ക്ലാന്‍ ഗ്രാമത്തില്‍ 2018 ഡിസംബറില്‍ സംഭവിച്ച മറ്റൊരു ഖനി ദുരന്തത്തില്‍ 15 തൊഴിലാളികള്‍ കുടുങ്ങി. 380 അടി താഴ്ചയുള്ള ഖനിയിലേക്ക് അടുത്തുള്ള നദിയില്‍ നിന്ന് വെള്ളം ഇരച്ചു കയറുകയായിരുന്നു. അഞ്ച് തൊഴിലാളികളെ സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും 10 പേരെ കണ്ടെത്താനായില്ല.
യന്ത്രസഹായമില്ലാതെ മണ്‍വെട്ടി തുടങ്ങി നാടന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഭൂമിക്കടിയിലേക്ക് ഒരാള്‍ക്ക് ഇറങ്ങി നില്‍ക്കാന്‍ മാത്രം വിസ്താരമുള്ള ചെറിയ തുരങ്കങ്ങളുണ്ടാക്കിയ ശേഷം തൊഴിലാളികള്‍ തുരങ്കത്തിനുള്ളിലേക്ക് ഇറങ്ങി കല്‍ക്കരി നിക്ഷേപം കണ്ടെത്തുന്നതു വരെ കുഴിക്കുന്നതാണ് അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഖനന രീതി. കയറുകളോ മുളക്കമ്പുകള്‍ കൊണ്ടുള്ള ഏണികളോ ഉപയോഗിച്ചാണ് തൊഴിലാളികള്‍ എലിദ്വാരം (റാറ്റ് ഹോള്‍) എന്നറിയപ്പെടുന്ന ഇത്തരം കുഴികളില്‍ ഇറങ്ങുന്നത്. ഖനികളില്‍ സ്ഫോടനമോ അവിചാരിതമായ വെള്ളപ്പൊക്കമോ സംഭവിച്ചാല്‍ രക്ഷപ്പെടാന്‍ സാധിക്കാതെ തൊഴിലാളികള്‍ മരണത്തിനു കീഴടങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. അതീവ ദുര്‍ഘടവും അപകട സാധ്യത വര്‍ധിച്ചതുമായ ഇത്തരം ഖനനങ്ങളെ 2014ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിട്ടുണ്ട്. 2012ല്‍ സൗത്ത് ഗാരോ ഹില്‍സിലെ ഖനിയില്‍ വെള്ളം കയറി 15 തൊഴിലാളികള്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണല്‍ എലിമാള ഖനനത്തിന് നിരോധം പ്രഖ്യാപിച്ചത്. എങ്കിലും നിരോധം വകവെക്കാതെ ഖനന മാഫിയ എലിദ്വാര ഖനനം നടത്തിവരുന്നു.
ഹരിത ട്രൈബ്യൂണലിന്റെ 2019ലെ കണക്ക് പ്രകാരം മേഘാലയയില്‍ മാത്രം 24,000 അനധികൃത ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അസം തുടങ്ങി അയല്‍ സംസ്ഥാനങ്ങളിലുമുണ്ട് ഇത്തരം നിരവധി അനധികൃത ഖനികള്‍. ഇപ്പോള്‍ തൊഴിലാളികള്‍ അകപ്പെട്ട അസമിലെ കല്‍ക്കരി ഖനി നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരുന്നത്. 2018ല്‍ അപകടം സംഭവിച്ച മേഘാലയയിലെ ഈസ്റ്റ് ജയന്തിയാ ഹില്‍സിലെ കല്‍ക്കരി ഖനിയും നിയമവിരുദ്ധമായിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിരോധത്തെ തുടര്‍ന്ന് ഖനനം നിര്‍ത്തിയ ഈ ഖനി പിന്നീട് ഔദ്യോഗിക കേന്ദ്രങ്ങളുടെ ഒത്താശയോടെയാണ് പ്രവര്‍ത്തിപ്പിച്ചത്. കല്‍ക്കരി മാഫിയയുടെ പണമാണ് പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടുകള്‍ പരിപോഷിപ്പിക്കുന്നത്. പാര്‍ട്ടികള്‍ക്ക് ഇവരില്‍ നിന്ന് വന്‍തോതിലുള്ള സാമ്പത്തിക സഹായം ലഭിച്ചു വരുന്നുണ്ട്. അനധികൃതമായി ഖനികള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാലും അറിയാത്ത ഭാവം നടിക്കുകയാണ് ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും. മേഘാലയ, അസം മേഖലകളിലെ കല്‍ക്കരി ഖനികളെക്കുറിച്ച് പഠനം നടത്തിയ ആഗോള വിദഗ്ധരടങ്ങുന്ന സംഘം, ഖനന രീതികളില്‍ സമൂലമായ മാറ്റം വേണമെന്നും നിലവിലുള്ള പഴയ ഖനന രീതി ഉപേക്ഷിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇന്ന് വരെ അത് നടപ്പായിട്ടില്ല.
മീഥെയ്ന്‍ വാതകത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്നുള്ള സ്ഫോടനം, ഖനിയുടെ മേല്‍ക്കൂരയോ ഭിത്തികളോ തകരല്‍, വായുസഞ്ചാരം കുറവായ അറകളില്‍ കുടുങ്ങിയുള്ള മരണം, അവിചാരിതമായ ജലപ്രവാഹം തുടങ്ങി ഖനി ദുരന്തങ്ങള്‍ക്ക് കാരണങ്ങള്‍ പലതാണ്. ഇന്ത്യയില്‍ സംഭവിച്ച അപകടങ്ങളില്‍ ഭൂരിഭാഗവും മീഥെയ്ന്‍ വാതകത്തിന്റെ അമിത സാന്നിധ്യം കാരണമായിരുന്നു. ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ ധന്‍ബാദ് ജില്ലയിലെ ചസ്ലാന കല്‍ക്കരി ഖനിയില്‍ 1975 ഡിസംബറിലുണ്ടായ ദുരന്തമാണ് രാജ്യത്തെ ഏറ്റവും വലിയ ഖനി ദുരന്തം. ഖനിയുടെ ഒരു പാളി പൊട്ടിത്തെറിച്ച് തൊട്ടടുത്ത ജലാശയത്തിലെ വെള്ളം ഇരച്ചു കയറിയതിനെ തുടര്‍ന്ന് നൂറുകണക്കിനു തൊഴിലാളികള്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. 370 പേരാണ് മരണപ്പെട്ടതെന്നാണ് ഔദ്യോഗിക ഭാഷ്യം. 700ഓളം പേര്‍ മരിച്ചുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മീഥെയ്ന്‍ വാതകത്തിന്റെ സമ്മര്‍ദമായിരുന്നു ഭിത്തി തകരാന്‍ കാരണം.
ഇറാനിലെ സൗത്ത് ഖുറാസാന്‍ പ്രവിശ്യയിലുള്ള ഖനിയില്‍ കഴിഞ്ഞ സെപ്തംബറില്‍ മീഥെയ്ന്‍ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ അമ്പതിലധികം പേര്‍ മരിച്ചിരുന്നു. തെഹ്റാനില്‍ നിന്ന് 540 കി.മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ഖനിയില്‍ നിന്നാണ് ഇറാന്റെ കല്‍ക്കരി ആവശ്യകതയുടെ 75 ശതമാനവും നിറവേറ്റുന്നത്. ഹരിത വാതകമാണ് മീഥെയ്ന്‍. കാര്‍ബണ്‍ ഡയോക്സൈഡ് സംഭരിക്കുന്നതിനേക്കാള്‍ മുപ്പത് മടങ്ങ് താപോര്‍ജം സംഭരിക്കാന്‍ കഴിവുണ്ട് അതേ അളവിലുള്ള മീഥെയ്ന്‍ വാതകത്തിന്. ഖനികളില്‍ ഈ വാതകം നിറഞ്ഞാല്‍ പുറത്തേക്ക് കടത്തിവിടാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുകയാണ് ഇതുമൂലമുള്ള അപകടങ്ങള്‍ കുറക്കാനുള്ള മാര്‍ഗം. പല ഖനികളിലും പക്ഷേ ഈ സംവിധാനം സജ്ജീകരിക്കാറില്ല. ഉണ്ടെങ്കില്‍ തന്നെ യഥാവിധി പ്രവര്‍ത്തിപ്പിക്കാറുമില്ല.