National
രാജ്യത്ത് കല്‍ക്കരി ക്ഷാമം; സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്ന് വിദഗ്ധര്‍
പ്രതിസന്ധിയുണ്ടെന്നാണ് ഊര്‍ജമന്ത്രി ആര്‍.കെ സിങ് പ്രതികരിച്ചത്. എങ്കിലും കടുത്ത പ്രതിസന്ധിയിലേക്ക് പോകാതെ ആവശ്യങ്ങള്‍ നിറവേറ്റി പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി| രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ഊര്‍ജ്ജ ഉത്പാദനം ഗണ്യമായി ഉയരുകയും ഖനികള്‍ പലതും വെള്ളത്തിലാകുകയും ചെയ്തതാണ് ക്ഷാമത്തിന് കാരണം. കഷ്ടിച്ച് നാല് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ശേഖരം മാത്രമാണ് വിവിധ നിലയങ്ങളിലുമുള്ളത്. പകുതിയിലധികം നിലയങ്ങളും വരും ദിവസങ്ങളില്‍ പ്രവര്‍ത്തനം നിലയ്ക്കുമെന്നും സ്ഥിതിഗതികള്‍ ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കുമെന്നും വിദഗ്ദര്‍ വ്യക്തമാക്കി. അടുത്ത ആറ് മാസം വരെ ഈ പ്രതിസന്ധി തുടരാനുള്ള സാധ്യതയും വിദഗ്ധര്‍ പറയുന്നുണ്ട്.
പ്രതിസന്ധിയുണ്ടെന്നാണ് ഊര്‍ജമന്ത്രി ആര്‍.കെ സിങ് പ്രതികരിച്ചത്. എങ്കിലും കടുത്ത പ്രതിസന്ധിയിലേക്ക് പോകാതെ ആവശ്യങ്ങള്‍ നിറവേറ്റി പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മന്ത്രാലയങ്ങളുമായി ചേര്‍ന്ന് പ്രതിസന്ധി ഒഴിവാക്കാനുള്ള നീക്കത്തിലാണ് ഊര്‍ജമന്ത്രാലയം. രാജ്യാന്തര വിപണിയില്‍ കല്‍ക്കരിക്ക് വില കൂടിയത് ഇറക്കുമതിയേയും ബാധിച്ചിട്ടുണ്ട്. 104 താപനിലയങ്ങളില്‍ 14,875 മെഗാവാട്ട് ശേഷിയുള്ള 15 നിലയങ്ങളില്‍ സെപ്തംബര്‍ 30 ന് തന്നെ സ്റ്റോക് തീര്‍ന്നു. 39 നിലയങ്ങളില്‍ മൂന്നു ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ശേഖരമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ.
ഇന്ത്യയുടെ മൊത്ത വൈദ്യുത ഉത്പാദനത്തിന്റെ 70 ശതമാനത്തോളം വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങളാണ്. കല്‍ക്കരി ക്ഷാമം വൈദ്യുത നിരക്കുകളിലും വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. മഴ കുറയുന്നതോടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ താപവൈദ്യുത നിലയങ്ങളിലെ മൊത്ത കല്‍ക്കരി സംഭരണം സെപ്തംബര്‍ അവസാനത്തോടെ ഏകദേശം 8.1 ദശലക്ഷം ടണ്ണായി കുറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 76 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.