Kerala
എറിയാട് പഞ്ചായത്തിലെ തീരദേശ ഹൈവേ; എസ് വൈ എസ് ഇടപെടല്‍ ഫലം കാണുന്നു
ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ഉറപ്പ്.
തീരദേശ ഹൈവേ എറിയാട് പഞ്ചായത്ത് പരിധിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂ സര്‍വേ നടത്തുന്നു.
കൊടുങ്ങല്ലൂര്‍ | നിര്‍ദിഷ്ട തീരദേശ ഹൈവേയുടെ എറിയാട് പഞ്ചായത്തിലെ രണ്ട് കിലോമീറ്റര്‍ ഗതിമാറ്റം പുനപ്പരിശോധിക്കണമെന്ന എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നിവേദനത്തിന് ഫലം കാണുന്നു. ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഉറപ്പ് നല്‍കി.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ ഹൈവേ എറിയാട് പഞ്ചായത്തില്‍ നിലവിലെ ടിപ്പുസുല്‍ത്താന്‍ റോഡ് വഴിയുള്ള നിര്‍ദിഷ്ട അലൈന്‍മെന്റ് നിരവധി വ്യാപാര സ്ഥാപനങ്ങളും ഖബര്‍സ്ഥാനടക്കമുള്ള പൊതു മുതലുകളും പൊളിച്ച് മാറ്റേണ്ടിവരുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച് എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ എറിയാട്, മഹല്ല് ഏകോപന സമിതി പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാപാരികളും പൊതുപ്രവര്‍ത്തകരും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിക്ക് നിവേദനം നല്‍കി. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും അദ്ദേഹം ഇ-മെയില്‍ സന്ദേശമയക്കുകയും ഇരുവരെയും ടെലഫോണില്‍ ബന്ധപ്പെടുകയും ചെയ്തത്.
തീരദേശ ഹൈവേ അലൈന്‍മെന്റ് മാറ്റുന്നത് സംബന്ധിച്ച് ലഭിച്ച നിവേദനം പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ക്ക് കൈമാറിയതായും വിഷയത്തില്‍ അനുഭാവപൂര്‍ണമായ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചതായി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.