From the print
തീരദേശ ഹൈവേ; പദ്ധതി ഉപേക്ഷിക്കണമെന്ന് യു ഡി എഫ് ഉപസമിതി
ഡി പി ആറും പാരിസ്ഥിതിക പഠനവുമില്ലാത്തത് സംശയകരം • ഭൂമി ഏറ്റെടുക്കുന്നത് നിയമവിരുദ്ധമായി
തിരുവനന്തപുരം | തീരദേശ ഹൈവേ ഉപേക്ഷിക്കണമെന്ന് യു ഡി എഫ് ഉപസമിതി റിപോര്‍ട്ട്. ഷിബു ബേബിജോണ്‍ കണ്‍വീനറായി തീരദേശ എം എല്‍ എമാരെ ഉള്‍പ്പെടുത്തി യു ഡി എഫ് നിയോഗിച്ച സമിതിയാണ് ഹൈവേ ഉേപക്ഷിക്കണമെന്ന് റിപോര്‍ട്ട് നല്‍കിയത്. എന്‍ എച്ച് 66 ഉള്ളതിനാല്‍ തീരദേശ ഹൈവേയുടെ ആവശ്യമില്ലെന്ന് സമിതി വിലയിരുത്തി.
പദ്ധതിയുടെ പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തുകയോ ഡി പി ആര്‍ തയ്യാറാക്കുകയോ ചെയ്തിട്ടില്ല. ഡി പി ആര്‍ പോലുമില്ലാത്ത പദ്ധതിയുടെ പ്രായോഗികതയും ശാസ്ത്രീയതയും സംശയകരമാണെന്നും ഉപസമിതി അഭിപ്രായപ്പെട്ടു.
ആറ് വരിയാക്കാനുള്ള പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന എന്‍ എച്ച് 66 ഭൂരിഭാഗവും കടല്‍ത്തീരത്തോടു ചേര്‍ന്നാണ് കടന്നുപോകുന്നതെന്ന് ഉപസമിതി ചൂണ്ടിക്കാട്ടി. 50 മീറ്റര്‍ മുതല്‍ 15 കിലോ മീറ്റര്‍ വരെയാണ് കടലില്‍ നിന്നുളള ദൂരം. ഫലത്തില്‍ എന്‍ എച്ച് 66 എന്നത് തീരദേശ ഹൈവേ തന്നെയാണ്. ഈ പശ്ചാത്തലത്തില്‍ മറ്റൊരു തീരദേശ ഹൈവേയുടെ ആവശ്യകത മനസ്സിലാകുന്നില്ല. അതിലോല തീരപ്രദേശത്ത് കൂടിയുളള നിർദിഷ്ട ഹൈവേ ഉണ്ടാക്കുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥയെ കുറിച്ച് വിശദ പഠനം ആവശ്യമാണ്. ഭാരമേറിയ വാഹനങ്ങള്‍ സഞ്ചരിക്കണമെങ്കില്‍ ആഴത്തിലുള്ള സബ് സ്ട്രക്ച്ചര്‍ നിർമിക്കേണ്ടി വരും. ഇത് മഴവെള്ളം സ്വാഭാവികമായി കടലിലേക്ക് എത്തുന്നതിനെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. തീരദേശ ഹൈവേയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രളയസാധ്യത വര്‍ധിപ്പിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
നിയമവിരുദ്ധമായാണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത്. കുടിയിറക്കപ്പെടുന്നവര്‍ക്ക് 600 ചതുരശ്ര അടിയുളള ഫ്ലാറ്റോ 13 ലക്ഷം രൂപയോ നല്‍കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. മികച്ച പാക്കേജ് ലഭ്യമാകുന്ന കേന്ദ്ര നിയമത്തിന്റെ വ്യവസ്ഥകളെ വളച്ചൊടിച്ച് മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കടുത്ത ജീവിത പ്രതിസന്ധി നേരിടുന്ന മത്സ്യത്തൊഴിലാളികള്‍ തീരദേശ ഹൈവേ പദ്ധതിയെ ഭയത്തോടെയാണ് വീക്ഷിക്കുന്നതെന്നും യു ഡി എഫ് വികസനത്തിന് എതിരല്ലെന്നും വികസനത്തിന്റെ പേരില്‍ പാവങ്ങളെ ചൂഷണം ചെയ്യുന്ന നടപടികളെയാണ് എതിര്‍ക്കുന്നതെന്നും റിപോര്‍ട്ടില്‍ വിശദീകരിക്കുന്നു.
തീരദേശ ഹൈവേയില്‍ ബദല്‍ നിര്‍ദേശങ്ങളും യു ഡി എഫ് ഉപസമിതി മുന്നോട്ടുവെച്ചു. നിലവിലുള്ള നാഷനല്‍ ഹൈവേയുമായുള്ള കണക്ടിവിറ്റി തീരദേശത്തേക്ക് ഉറപ്പാക്കണം. മൂന്ന് പതിറ്റാണ്ടായി കോടികള്‍ ചെലവഴിച്ചിട്ടും പൂര്‍ത്തിയാകാത്ത ദേശ ജലപാത പൂര്‍ത്തിയാക്കിയാല്‍ ചരക്ക് നീക്കം ഉള്‍പ്പെടെ ചെലവ് കുറഞ്ഞ രീതിയില്‍ നടത്താമെന്നും യു ഡി എഫ് സമിതി നിര്‍ദേശിച്ചു.