Kerala
തീരദേശ പരിപാലന നിയമം; കേരളത്തിന് ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം
66 പഞ്ചായത്തുകളെ സി ആര്‍ ഇസെഡ് 3ല്‍ നിന്ന് സി ആര്‍ ഇസെഡ് 2 പട്ടികയിലേക്ക് മാറ്റി.
ന്യൂഡല്‍ഹി | തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ് നല്‍കി കേന്ദ്രം. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സി ആര്‍ ഇസെഡ് 3ല്‍ നിന്ന് സി ആര്‍ ഇസെഡ് 2 പട്ടികയിലേക്ക് മാറ്റി.
താരതമ്യേന നിയന്ത്രണങ്ങള്‍ കുറഞ്ഞ ഭാഗമാണ് സി ആര്‍ ഇസെഡ് 3. അതേസമയം, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിന്‍കീഴ്, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അറ്റോമിക് മിനറല്‍ ശേഖരം ഉള്ളതിനാല്‍ സി ആര്‍ ഇസെഡ് 3 ലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ജനസംഖ്യ കൂടിയ പഞ്ചായത്തുകളില്‍ സി ആര്‍ ഇസെഡ് 3 എക്ക് കീഴില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദൂരപരിധി 200 ല്‍ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിയിലുള്ള തീരദേശ പരിപാലന അതോറിറ്റി ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് കേരളത്തിന്റെ ആവശ്യത്തിന് അംഗീകാരം നല്‍കിയത്. 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ കേരളം തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിലെ നിര്‍ദേശങ്ങളാണ് ഭാഗികമായി അംഗീകരിച്ചത്.
സി ആര്‍ ഇസെഡ് 2 ല്‍ നിയന്ത്രണങ്ങള്‍ താരതമ്യേന കുറവാണ്. സി ആര്‍ ഇസെഡ് 2 ല്‍ പെടുന്ന മേഖലയില്‍ മുന്‍സിപ്പല്‍ ചട്ടങ്ങള്‍ പ്രകാരം നിലനില്‍ക്കുന്ന FAR/FSI ലഭ്യമാകും. 2011 ലെ ജനസംഖ്യ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 2,161 പേരോ അതില്‍ കൂടുതലോ ഉള്ള വികസിത പ്രദേശങ്ങളെ മറ്റ് വികസന മാനദണ്ഡങ്ങള്‍ കൂടെ പരിഗണിച്ച് സി ആര്‍ ഇസെഡ് 2 എ എന്ന വിഭാഗത്തിലും അതില്‍ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സി ആര്‍ ഇസെഡ് 3 ബി വിഭാഗത്തിലും ഉള്‍പ്പെടുത്തി.